കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഇനി അത്താഴപ്പട്ടിണിക്കാരുണ്ടാകില്ല

alp-mealsകുറവിലങ്ങാട്: ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണത്തിലും സൗകര്യങ്ങളിലും എന്തെല്ലാം കുറവുകളുണെ്ടങ്കിലും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കിടയില്‍ ഇനി അത്താഴപ്പട്ടിണിക്കാരുണ്ടാകില്ല. ചികിത്സ തേടിയെത്തി ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരാള്‍പ്പോലും ഇനി രാത്രി ആഹാരമില്ലെന്ന പേരില്‍ വിഷമിക്കേണ്ടിയും വരില്ല.

ഞീഴൂര്‍ കാട്ടാമ്പാക്കിലെ സുമനസുകളുടെ കൂട്ടായ്മയാണ് വേറിട്ട ശുശ്രൂഷയിലൂടെ ആശുപത്രിയിലെത്തുന്നവര്‍ക്ക് പട്ടിണിയില്ലാത്ത രാത്രി ഉറപ്പാക്കുന്നത്. ഇന്നലെ ആരംഭിച്ച ഭക്ഷണവിതരണം ഇനിമുതല്‍ എല്ലാ സായാഹ്നങ്ങളിലും തുടരും. ഞീഴൂര്‍ കാട്ടാമ്പാക്ക് നിത്യസഹായകന്‍ ജീവകാരുണ്യ സംഘമാണ് ഭക്ഷണവിതരണം ആരംഭിച്ചത്. അഗതിമന്ദിരങ്ങളിലും അനാഥര്‍ക്കും ആഹാരം നല്‍കി വരുന്ന കൂട്ടായ്മ ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തെതുടര്‍ന്നാണ് രാത്രി ആഹാരം വിളമ്പാന്‍ തീരുമാനമെടുത്തത്.

ഭക്ഷണവിതരണ പരിപാടി കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് പുതിയടം ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ ആത്മീയ ഉപദേഷ്ടാവ് സിസ്റ്റര്‍ ബെന്നറ്റ്, മേമ്മുറി ആശാഭവന്‍ പ്രസിഡന്റ് ജെ. തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഫിലിപ്പ്, കൂട്ടായ്മ ക്യാപ്റ്റന്‍ അനില്‍ ജോസഫ്, ആന്റണി ബാബു പാറയ്ക്കല്‍, പഞ്ചായത്തംഗം ത്രേസ്യാമ്മ തോമസ്, സെക്രട്ടറിമാരായ സിന്ധു അന്ന, ആശാ ബേബി, സുരേന്ദ്രന്‍, പി.സി. ബേബി, ജയ എന്നിവര്‍ പ്രസംഗിച്ചു.

Related posts