കുറിച്ചിയില്‍ ആസാം സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ .നാലുപേര്‍ കസ്റ്റഡിയില്‍

KTM-DEATHചിങ്ങവനം: കുറിച്ചി ചിറവുംമുട്ടത്ത് നാട്ടുകാര്‍ പിടിച്ചു കെട്ടിയിട്ട ആസാം സ്വദേശി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കാനിടയായ സംഭവത്തില്‍ സമീപവാസികളായ നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരുന്നു.   ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആസാം സിംഗ്ബാഗര്‍ ജില്ലയിലെ കണ്ടറ ഗ്രാമവാസിയായ കൈലാസ് ജോതി ബഹ്‌റ(30)യെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വഴിയരികില്‍ നിന്നും ചിങ്ങവനം പോലീസ് എത്തി ആശുപത്രിയിലെത്തിച്ചത്. തീര്‍ത്തും അവശ നിലയിലായി വായില്‍ നിന്നും നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു പോലീസ് ഇയാളെ കണ്ടെത്തിയത്.

മരണ കാരണമല്ലാത്ത പത്തോളം മുറിവുകളും, 56 ചതവുകളും, ചെറുതും വലുതുമായ നിരവധി പാടുകളും ശരീരത്തില്‍ ഉണ്ടായിരുന്നായി പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ചതവുകളും, മുറിവുകളുമാണോ മരണകാരണം എന്ന് കണ്ടെത്തിയിട്ടില്ല. മറ്റസുഖങ്ങളും ഉള്ളതായാണ് വിവരം. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയെ മരണ കാരണം വ്യക്തമാകുകയുള്ളു. പോസ്റ്റുമോര്‍ട്ടം നടത്തിയതിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ടിട്ടുള്ളവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഇന്നലെ ഊര്‍ജിതമാക്കിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് ബഹ്‌റ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് പോലീസ് രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു. കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയാറായില്ല.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സാഹചര്യം നില നില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തിയാണ് പോലീസ് അന്വേഷണം മുമ്പോട്ട് കൊണ്ടു പോകുന്നത്. ചങ്ങനാശേരി ഡിവൈഎസ്പി കെ.ശ്രീകുമാര്‍, സിഐ, സക്കറിയാ മാത്യു, ചിങ്ങവനം എസ്‌ഐ എം.എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്
.

Related posts