കൊളംബോ: ശ്രീലങ്കന്‍ പേസ് ബൗളര്‍ നുവാന്‍ കുലശേഖര ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഏകദിന, ട്വന്റി-20 ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് വിരമിക്കലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ലങ്കയുടെ മികച്ച ബൗളറര്മാരില് ഒരാളാണെങ്കിലും ടെസ്റ്റില്‍ കാര്യമായി ശോഭിക്കാന്‍ കുലശേഖരയ്ക്കായിരുന്നില്ല. 2005ല്‍ അരങ്ങേറ്റം കുറിച്ചശേഷം കേവലം 21 ടെസ്റ്റുകളില്‍ മാത്രമാണ് ഈ 33കാരന് കളിച്ചത്. നേടിയതാകട്ടെ വെറും 48 വിക്കറ്റുകള്‍ മാത്രം.
2014 ജൂണില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അവസാന ടെസ്റ്റ് മത്സരം. 2009ല്‍ പി. സാറ ഓവലില്‍ പാക്കിസ്ഥാനെതിരേ 21 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ആ ടെസ്റ്റില്‍ മൊത്തം എട്ടു വിക്കറ്റുകളാണ് കുലശേഖര പിഴുതത്.പന്തിന്റെ സ്പീഡിനെക്കാളുപരി സ്വിംഗിലൂടെ ബാറ്റ്സ്മാന്മാരെ കുരുക്കുകയായിരുന്നു കുലശേഖരയുടെ രീതി. 2008 മുതല്‍ ഒരു വര്‍ഷത്തോളം ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാംനമ്പര്‍ ബൗളറായിരുന്നു. 173 ഏകദിനങ്ങളില്‍നിന്ന് 186 വിക്കറ്റാണ് കുലശേഖരയുടെ സമ്പാദ്യം.