കൂട്ടപ്പന വയലില്‍ സിന്ദൂരം ചീര വിളഞ്ഞു

TVM-CHEERA സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: പതിനഞ്ചു വര്‍ഷത്തോളം തരിശായി കിടന്ന വയലില്‍ ഇന്നലെ സിന്ദൂരം ചീരയുടെ വിളവെടുപ്പ് മഹോത്സവമായിരുന്നു. മണ്ണിനെയും കൃഷിയെയും നെഞ്ചോട് ചേര്‍ത്ത ഇരുപതംഗ കര്‍ഷക കൂട്ടായ്മയുടെ അധ്വാനത്തിന്റെ പ്രഥമ സാക്ഷാത്കാരം കൂടിയായി ഈ വിളവെടുപ്പ്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ കൂട്ടപ്പന മഹാദേവര്‍ ക്ഷേത്രത്തിനു സമീപത്തെ 75 സെന്റ് വയലിലാണ് കര്‍ഷക കൂട്ടായ്മ ജൈവകൃഷി ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഹരിശ്രീ കുറിച്ചത്.

നഗരസഭ മുന്‍ ചെയര്‍മാന്‍ കെ. രഘുനാഥന്റെ ബന്ധുവിന്റെതാണ് വയല്‍. തരിശായി കിടന്ന വയലില്‍ ജൈവകൃഷി ആരംഭിക്കാമെന്ന താത്പര്യത്തിന് സര്‍വവിധ പ്രോത്സാഹനം നല്‍കിയത് സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ സി.കെ ഹരീന്ദ്രനാണ്. ജെസിബി ഉപയോഗിച്ച് വയല്‍ ഒരുക്കിയ ശേഷം വിവിധ ഇനം പച്ചക്കറി വിത്തുകള്‍ വിതച്ചു. വിത്തു വിതയ്ക്കല്‍ മഹോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ ഉദ്ഘാടനം ചെയ്തു.

ചീരയ്ക്കു പുറമേ തക്കാളി, പയര്‍, പാവല്‍, പടവലം, വെള്ളരിക്ക, കത്തിരിക്ക, വഴുതനങ്ങ, വെണ്ട, ചേന, ചേമ്പ്, മുളക് എന്നിവയും കൃഷിയില്‍ ഉള്‍പ്പെടുന്നു. കാര്‍ഷിക കോളേജില്‍ നിന്നുള്ള വിത്തിനങ്ങളാണ് കൃഷി ചെയ്തത്. സിന്ദൂരം എന്നയിനം ചീര ആദ്യ വിളവെടുപ്പിന് പാകമായി. ഹരിത കര്‍ഷക സ്വയംസഹായ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മാതൃകാപരമായ ഈ കാര്‍ഷികവൃത്തിക്ക് നെയ്യാറ്റിന്‍കര നഗരസഭയുടെ സഹകരണവുമുണ്ട്.   സി.കെ ഹരീന്ദ്രനാണ് കാര്‍ഷിക കൂട്ടായ്മയുടെ ജനറല്‍ കണ്‍വീനര്‍. മുന്‍ കൗണ്‍സിലര്‍മാരായ ബി.എസ് ചന്തു കണ്‍വീനറായും രാജേഷ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

ഗില്‍ബര്‍ട്ടാണ് പ്രസിഡന്റ്. രാജന്‍, സുരേഷ്കുമാര്‍, തങ്കരാജന്‍, സുശീലന്‍, വിനോദ്, സരസമ്മ, ശ്രീകുമാരി, രാധാകുമാരി, സാഗരന്‍നായര്‍, ശ്രീകണ്ഠന്‍, ദിനേഷ്കുമാര്‍, മാധവനാശാരി, അനില്‍കുമാര്‍, സുദര്‍ശനന്‍, തുളസീധരന്‍നായര്‍, രാധാകൃഷ്ണന്‍പോറ്റി, ശ്രീനിവാസന്‍പോറ്റി എന്നിവരാണ് കൂട്ടായ്മയിലെ മറ്റംഗങ്ങള്‍. വ്യത്യസ്ത ജോലികളുള്ളവരാണ് അംഗങ്ങളില്‍ പലരും. പക്ഷെ, കൃഷിയുടെ കാര്യത്തില്‍ ഇവര്‍ക്കെല്ലാം ഒരേ മനസ്സാണ്.  നിലവിലുള്ള വയലിനോട് ചേര്‍ന്ന് രണ്ടര ഏക്കറോളം നിലം കൂടി കൃഷിക്കു ഉപയുക്തമാക്കാനുള്ള തീരുമാനത്തിലാണ് ഈ ജൈവകര്‍ഷക സംഘം.

Related posts