കെഎസ്‌കെടിയു ജില്ലാ സമ്മേളനം നാളെ മുതല്‍

knr-ksktuശ്രീകണ്ഠപുരം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) കണ്ണൂര്‍ ജില്ലാസമ്മേളനം നാളെ മുതല്‍ 19 വരെ ശ്രീകണ്ഠപുരത്ത് നടക്കും.  18ന് രാവിലെ 10ന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക പാടിക്കുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ സിപിഎം ജില്ലാകമ്മിറ്റി അംഗം ടി.കെ. ഗോവിന്ദന്‍ ടി. ബാലന് കൈമാറും. അത്‌ലറ്റുകള്‍ റിലേയായി സമ്മേളന നഗരിയിലെത്തിക്കും. കൊടിമരം ഉച്ചകഴിഞ്ഞ് 3.30ന് കാവുമ്പായി സ്മൃതി മണ്ഡപത്തില്‍ വച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എം. ജോസഫ് എം. രാഘവന് കൈമാറും. അഞ്ചിന് പൊതുസമ്മേളന നഗരിയായ കാവുമ്പായി രക്തസാക്ഷി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.വി. ഗോപിനാഥ് പതാക ഉയര്‍ത്തും.

19ന് വൈകുന്നേരം നാലിന് ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ബി. രാഘവന്‍ എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ വി. നാരായണന്‍, പി.വി. ഗോപിനാഥ്, വി. ഭാസ്കരന്‍, എം. വേലായുധന്‍, കെ.ടി. അനില്‍ കുമാര്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

Related posts