വടകര : നഗരത്തിലെ കെട്ടിടത്തിനുള്ളില്‍ അനധികൃതമായി വലിയ കുഴയെടുത്തതായി പരിശോധനയില്‍ കണ്ടെത്തി. മെയിന്‍ റോഡിലെ ബ്ലൂസ്റ്റാര്‍ ലോഡ്ജ് കെട്ടിടത്തിന്റെ നടുവിലായാണ് കുഴിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ഹോട്ടലില്‍ നിന്ന് മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഭീമന്‍ കുഴി പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
മാലിന്യക്കുഴി നിര്‍മിക്കാനാണ് കുഴിയെടുത്തതെന്നു ലോഡ്ജുകാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ കെട്ടിടത്തിനും സമീപ കെട്ടിടങ്ങള്‍ക്കും ഭീഷണിയാകത്തക്കവിധമുള്ള കുഴിയാണ് ഇതെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു. മാത്രമല്ല ഇത്തരത്തിലുള്ള കുഴികള്‍ കെട്ടിടങ്ങള്‍ക്ക് സമീപം എടുക്കണമെങ്കില്‍ നഗരസഭയില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ല. ഏഴ് അടിയുള്ള കുഴിയാണ് ഇവിടെ എടുത്തിട്ടുള്ളത്. ഈ കെട്ടിടം അഞ്ച് നിലയോളമുണ്ട്.
കെട്ടിടത്തിന് നടുവിലായുള്ള ഈ പ്രവൃത്തി അപകടാവസ്ഥ സൃഷ്ടിക്കുമെന്ന നിഗമനത്തില്‍ മുനിസിപ്പല്‍ എഞ്ചിനീയറിംഗ് വിഭാഗത്തോടു പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാര്‍, സെക്രട്ടറി കൃഷ്ണവേണി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, കൗണ്‍സിലര്‍ എം.ബിജു, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഗീത എന്നിവരുള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.