കണ്ണൂര്‍: അന്തരിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി. നൂറുദ്ദീന് നാടിന്റെ ആദരാഞ്ജലി. ജില്ലാ അതിര്‍ത്തിയായ മാഹി പാലത്തില്‍ വച്ച് ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കോഴിക്കോട് എംപി എം.കെ. രാഘവന്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലാണ് കണ്ണൂരിലെത്തിച്ചത്.
രാവിലെ 9.30ഓടെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. മഹാത്മ മന്ദിരത്തില്‍ മന്ത്രി കെ.കെ. ശൈലജ, എംപി മാരായ കെ.സി. വേണുഗോപാല്‍, പി.കെ. ശ്രീമതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, എംഎല്‍എമാരായ കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, പി. രാമകൃഷ്ണന്‍, അഡ്വ. സജി ജോസഫ്, തലശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം പോണാട്ട്, കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.ടി. ജോസ്, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്, സിപിഐ നേതാവ് സി.എന്‍. ചന്ദ്രന്‍, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, വി.പി. വമ്പന്‍, കോണ്‍ഗ്രസ് നേതാക്കളായ എ.ഡി. മുസ്തഫ, മാര്‍ട്ടിന്‍ ജോര്‍ജ്, കെ.എന്‍. ജയരാജ്, കെ. പ്രമോദ്, ടി.ഒ. മോഹനന്‍, റിജില്‍മാക്കുറ്റി, സാജിദ് മൗവ്വല്‍, കെ.പി. താഹിര്‍, അന്‍സാരി തില്ലങ്കേരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ. രാഗേഷ്, ഖാദിബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ സുരേഷ് ബാബു തുടങ്ങിയവരുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ദീപികയ്ക്കുവേണ്ടി ദീപിക കണ്ണൂര്‍ യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. സെബാന്‍ എടയാടിയില്‍ റീത്ത് സമര്‍പ്പിച്ചു. മഹാത്മ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം 11.15 ഓടെ പയ്യന്നൂരിലേക്കു കൊണ്ടുപോയി. ഉച്ചകഴിഞ്ഞ് രണ്ടുവരെ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം തുടര്‍ന്നു പുതിയങ്ങാടിയിലെ തറവാട്ടു വീട്ടിലെത്തിക്കും. വൈകുന്നേരം 4.30ന് പുതിയങ്ങാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം. തുടര്‍ന്ന് പുതിയങ്ങാടിയില്‍ സര്‍വകക്ഷി അനുശോചനയോഗം ചേരും.