പാലക്കാട്: ജില്ലയില്‍ കൊയ്ത്ത് തുടങ്ങിയിട്ടും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നെല്ല് സംഭരിക്കുന്നത് വൈകുന്നത് കേന്ദ്രനിലപാട് മൂലമെന്ന് ആക്ഷേപം. ഒക്ടോബര്‍ ഒന്നു മുതല്‍ക്കേ സംഭരണം ആരംഭിക്കാനാവൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കലണ്ടര്‍ പ്രകാരം ഖാരിഫ് മാര്‍ക്കറ്റിങ് സീസണ്‍ ആരംഭിക്കുന്നത് ഒക്ടോബറിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് എത്രയും നേരത്തെ കൊയ്ത്ത് നടന്നാലും സംഭരണം തുടങ്ങാനാവില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊയ്ത്ത് ആരംഭിക്കുന്നതും ഒക്ടോബറിലാണ്. ഈ സമയത്തു മാത്രമേ കേരളത്തിലും നെല്ല് സംഭരണം നടത്താനാകൂ.
സപ്ലൈകോ സംഭരിക്കുന്ന നെല്ലിന് സംഭരണവിലയായ കിലോയ്ക്ക് 21.50 രൂപയില്‍ 14.70രൂപ കേന്ദ്ര സര്‍ക്കാരും 6.80രൂപ സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര നിലപാടുകള്‍ക്കനുസരിച്ചേ സംഭരണം നടത്താനാവൂ. ജില്ലയില്‍ പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തില്‍ നെല്ല് സംഭരണം നേരത്തെയാക്കാന്‍ അനുമതി ആവശ്യപ്പെട്ട് സപ്ലൈകോ അധികൃതര്‍ കത്ത് നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. മന്ത്രി എ. കെ. ബാലന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്.
ജില്ലയില്‍ സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ അവസാനിച്ചപ്പോള്‍ 39,706പേരാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒന്നാം വിളയ്ക്ക് രജിസ്റ്റര്‍ ചെയ്തതിനേക്കാള്‍ 5,262 കര്‍ഷകര്‍ കൂടുതല്‍. സംസ്ഥാനത്താകെ 65,334 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍. ഒരാള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഇടുക്കിയിലാണ് ഏറ്റവും കുറവ്. ജില്ലയില്‍ കഴിഞ്ഞ ഒന്നാംവിളയ്ക്ക് 32,859 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തത്.
9,17,70,117 കിലോഗ്രാം നെല്ല് സംഭരിച്ചപ്പോള്‍ 197.31കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. രണ്ടാം വിളയ്ക്ക് 38,940 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 282.72 കോടി രൂപയുടെ 13,14,99,764 കിലോഗ്രാം നെല്ല് സംഭരിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണ കര്‍ഷകര്‍ക്ക് സംഭരിച്ച തുക അടിയന്തിരമായി തന്നെ കൊടുക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.