നെയ്യാറ്റിന്‍കര : തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രവും അഖിലേന്ത്യാ ചക്കാല സമുദായ സംഘവും സംയുക്തമായി നെയ്യാറ്റിന്‍കര മണലുവിള തുഞ്ചന്‍ഗ്രാമത്തില്‍ നിര്‍മിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമ കേരളത്തില്‍ ആദ്യത്തേതാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.. തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു മുന്നില്‍ മലയാളം ഭാഷാ പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ഗവണ്‍മെന്റിന് നല്‍കിയിട്ടുണ്ട്. ഈ ആവശ്യവുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം വരെ നടത്തിയിട്ടുള്ളതായി ചക്കാല സമുദായ സംഘം പ്രസിഡന്റ് കെ. രംഗനാഥന്‍ പറഞ്ഞു.
മണലുവിളയിലെ തുഞ്ചന്‍ ഗ്രാമത്തില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന താത്പര്യം ദൃഡമായതിനു പിന്നില്‍ സര്‍ക്കാര്‍തലത്തിലുള്ള ഈ അവഗണനയും ഒരു ഘടകമാണ്. എഴുത്തച്ഛന്റെ പ്രതിമ യാഥാര്‍ഥ്യമായതിനു പ്രശസ്ത കലാകാരന്മാരായ ചിറയന്‍കീഴ് ശ്രീകണ്ഠന്‍നായര്‍, സുദര്‍ശന്‍ എസ്. പണിക്കര്‍ എന്നിവരുടെ സഹകരണമുണ്ടായിരുന്നു. എഴുത്തച്ഛന്റെ ചിത്രം വരച്ചത് ശ്രീകണ്ഠന്‍നായരും ശില്‍പ്പം നിര്‍മിച്ചത് സുദര്‍ശന്‍ എസ്. പണിക്കരുമാണ്.
എഴുത്തച്ഛന്‍ ജനിച്ചത് കൊല്ലവര്‍ഷം 661 -ലും അന്തരിച്ചത് കൊല്ലവര്‍ഷം 732 -ലുമാണെന്ന് കാഞ്ഞാവെളി ഗോപാലകൃഷ്ണന്‍നായര്‍ വ്യക്തമാക്കി. എഴുത്തച്ഛന്റെ ജനനവര്‍ഷം ഇതുവരെ കണക്കാക്കപ്പെട്ടിട്ടില്ല. പി.ആര്‍ മേനോന്‍ തെലുങ്ക് ഭാഷയില്‍ രചിച്ച ഒരു പുസ്തകത്തില്‍ നിന്നുമാണ് ജനനവര്‍ഷം മനസിലായയതെന്ന് ഗോപാലകൃഷ്ണന്‍നായര്‍ കൂട്ടിച്ചേര്‍ത്തു. എഴുത്തച്ഛന്റെ ശിഷ്യന്‍ സൂര്യനാരായണന്‍ എഴുത്തച്ഛന്റെ രേഖകളില്‍ നിന്നുമാണ് മരണസംബന്ധമായ വിവരം ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.