റിയാസ് കുട്ടമശേരി
ആലുവ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേയ്ക്ക് കുഴല്‍പ്പണത്തിന്റെ ഒഴുക്ക് തുടരുന്നു. രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിലും ഇലക്ഷന്‍ പരിശോധനകള്‍ക്കിടയിലും കോടികള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ കുഴയുകയാണ്. ഏതാനും ദിവസത്തെ പരിശോധനക്കിടയില്‍ വിവിധ ജില്ലകളില്‍ നിന്നും പിടിച്ചെടുത്തത് 17.28 കോടി രൂപയാണ്. തെരഞ്ഞെടുപ്പു കാലത്തെ പ്രത്യേക പരിശോധനയില്‍ പിടികൂടുന്ന സംസ്ഥാനത്തെ ഏറ്റവും റെക്കോര്‍ഡ് തുകയാണിത്. കള്ളപ്പണ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്തേയ്ക്കുള്ള ഹവാല പണമൊഴുകുന്നതു തുടരുകയാണെന്നു തെളിയിക്കുകയാണ് ഇന്നലെ തൃശൂരിലും കല്‍പ്പറ്റയിലും നടന്ന കുഴല്‍പ്പണ വേട്ട.
നികുതി വെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണവും രേഖകളില്ലാത്ത കോടികള്‍ ഹവാല പണമായും കേരളത്തിലെത്തിക്കുന്ന ഒരുവന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്താറുണ്ടെങ്കിലും പലപ്പോഴും ചെറുമീനുകള്‍ മാത്രമാണ് കുടുങ്ങാറുള്ളത്. പോലീസ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ക്കു പുറമെ തെരഞ്ഞെടുപ്പ് ആയതിനാല്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി കുഴല്‍പ്പണ വേട്ട ശക്തമാക്കിയതോടെയാണ് കൂടുതല്‍ പേര്‍ കുടുങ്ങാന്‍ തുടങ്ങിയത്. ഇന്ത്യന്‍ രൂപയോടൊപ്പം 78,500 സൗദി റിയാലും 665 അമേരിക്കന്‍ ഡോളറും ഇലക്ഷന്‍ പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.
കുഴല്‍പ്പണവുമായി പിടിയിലാകുന്ന കരിയര്‍മാരില്‍ പലര്‍ക്കും ഇതിന്റെ ഉറവിടത്തെക്കുറിച്ച് അറിയാറില്ല. 5000 മുതല്‍ 15000 രൂപവരെ പ്രതിഫലമായി കിട്ടുന്നതു കൊണ്ടാണ് പലരും മാഫിയയുടെ കരിയര്‍മാരായി മാറുന്നത്. തെരഞ്ഞെടുപ്പ് സമയമായതുകൊണ്ട് കൂടുതല്‍ കരിയര്‍മാരെ റാക്കറ്റില്‍ കൂട്ടിയിട്ടുണ്ട്. സാധാരണ നിലയില്‍ പിടിയിലാകുന്ന പല കരിയര്‍മാരും സ്വര്‍ണാഭരണ നിര്‍മാണ ആവശ്യത്തിനുള്ളതാണെന്നാണ് പറയാറുള്ളത്. 50000 രൂപയിലധികം കൈവശം സൂക്ഷിച്ചാല്‍ അതിന്റെ രേഖകള്‍ ഹാജരാക്കണമെന്നതാണ് നിയമം. ഇല്ലെങ്കില്‍ പിടിച്ചെടുക്കുന്ന തുക നിശ്ചിത സമയത്തിനുള്ളില്‍ രേഖകള്‍ കാണിച്ചാല്‍ വിട്ടുകൊടുക്കും. അതല്ലെങ്കില്‍ തുക സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടാറാണ് പതിവ്.
തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ച് രൂപം നല്‍കിയിട്ടുള്ള പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. സ്ക്വാഡ് പിടിച്ചെടുക്കുന്ന ഹവാലപ്പണമടക്കമുള്ള കേസുകളിലെ തുടരന്വേഷണ ചുമതല ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് (ഡി.ആര്‍.ഐ), ആദായ നികുതി വകുപ്പ് എന്നിവര്‍ക്കാണ്. രേഖകളില്ലാതെ പിടികൂടുന്ന പണം കോടതിയില്‍ ഹാജരാക്കുന്ന പോലീസ് കേസ് വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറും.
എന്നാല്‍, ഇത്തരത്തിലുള്ള മിക്ക കേസുകളിലെയും തുടരന്വേഷണം കാര്യക്ഷമമല്ലായെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറി കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് പിന്നെ കാര്യമായ റോളില്ല. ഹവാല റാക്കറ്റുകളുമായി കേന്ദ്ര ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധമാണ് പല കേസുകളുടെയും അന്വേഷണം മരവിക്കുന്നതിനു പിന്നിലെന്ന ആരോപണവുമുണ്ട്.