കേരളപ്പിറവി ദിനത്തില്‍ റിക്കാര്‍ഡ് ജേതാക്കള്‍ അണിനിരക്കുന്ന പ്രതിഭാസംഗമം

alp-pakruആലപ്പുഴ: പരിസ്ഥിതി സംരംക്ഷണസന്ദേശം ലക്ഷ്യമിട്ട്  60 ലോക റിക്കാര്‍ഡ് ജേതാക്കള്‍ കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തില്‍ 60 താമരകളില്‍ 60 ദീപങ്ങള്‍ വേമ്പനാട് കായല്‍പ്പരപ്പില്‍ തെളിയിക്കും. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഗിന്നസ് ആന്‍ഡ് യുആര്‍എഫ് റിക്കാര്‍ഡ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ നവംബര്‍ ഒന്നിനു 12.30നാണ് പരിപാടി.

ശുദ്ധജലവും ശുദ്ധവായുവും നമ്മുടെ അവകാശമാണെന്നും കാവുകളെയും പുഴകളെയും സംരക്ഷിക്കേണ്ടത് കടമ ആണെന്നും വിനോദ സഞ്ചാര രംഗത്ത് കേരളത്തിനുള്ള അനന്തസാധ്യത തിരിച്ചറിയണമെന്നുമുളള സന്ദേശം വിളിച്ചോതി അസോസിയേഷന്‍ പ്രസിഡന്റ ഡോ. ഗിന്നസ് സുനില്‍ ജോസഫ് ആദ്യദീപം തെളിയിക്കും. മാലിന്യമുക്ത കേരളത്തിനായും പ്രകൃതിസംരക്ഷണത്തിനായും അണിചേരുവാനുളള ആഹ്വാനത്തോടെ ഗിന്നസ്പക്രു നയരേഖ പ്രകാശനം ചെയ്യും.

ഗിന്നസ് പ്രജീഷ് കണ്ണന്‍ സന്ദേശം നല്കും. തുടര്‍ന്ന് അക്വാ ഹോളിഡേയ്‌സില്‍ നടക്കുന്ന പ്രതിഭാസംഗമത്തില്‍ നാഷണല്‍ വൈസ്പ്രസിഡന്റ് ഡോ. സൗദീപ് ചാറ്റര്‍ജി അധ്യക്ഷത വഹിക്കും. കേരളത്തില്‍നിന്നും ഗിന്നസ് ഉള്‍പ്പടെ യുആര്‍എഫ് റിക്കാര്‍ഡ് ജേതാക്കളായ നൂറോളംപ്രതിഭകള്‍ പങ്കെടുക്കും.

വ്യത്യസ്ത മേഖലകളിലെ വേറിട്ട  പ്രവര്‍ത്തനങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയ്ക്കും തിരുവനന്തപുരം  ട്രാക്കോ കേബിള്‍ കമ്പനി പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ബി. ലേഖയ്ക്കും, തൃശൂര്‍ മറ്റം എറോത്ത  ഡോ. ജിജി ദീപക്കിനും ഡോ. ഗിന്നസ് സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും  അംഗികാരമുദ്രയും സമ്മാനിക്കും. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി കുഷ്ഠരോഗികളുടെ ഇടയില്‍ നടത്തുന്ന സാമൂഹ്യക്ഷേമ  ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയെ ലോക റിക്കാര്‍ഡിന് അര്‍ഹനാക്കിയത്.

കേരള സംസ്ഥാന പൗരാവകാശസമിതി വൈസ്പ്രസിഡന്റാണ്. ആരോഗ്യവകുപ്പ് നഴ്‌സിംഗ് ഡയറക്ടര്‍ ജിജി ജോണ്‍സണ്‍ ആണ് ഭാര്യ. പാഴ്‌വസ്തുക്കളില്‍ നിന്ന് കണ്ണഞ്ചിപ്പിക്കുന്നതും കൗതകമാക്കുന്നതുമായ കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് ഇതിനോടകം ഒമ്പതുപ്രദര്‍ശനം നടത്തിയ ലേഖ  മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്റെ ഭാര്യയാണ്.  യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന വേറിട്ട ചിത്രരചന ക്വില്‍ പേപ്പര്‍ ആര്‍ട്  കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച ഡോ. ജിജിയുടെ ഭര്‍ത്താവ് ദന്തഡോക്ടര്‍ ദീപക് മോഹന്‍ ആണ്.

രാവിലെ 10 മുതല്‍ നടത്തുന്ന കായല്‍യാത്രയില്‍ ഗ്രൂപ്പ് ചര്‍ച്ച , വാര്‍ത്താപ്രദര്‍ശനം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, നറുക്കെടുപ്പ്, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും  റിക്കാര്‍ഡ് ജേതാക്കളുടെ ജീവിതാനുഭവങ്ങളും വിജയരഹസ്യങ്ങളും ഉള്‍പ്പെടുത്തി വീഡിയോ ആല്‍ബത്തിനായി  മലനാട് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തില്‍  ചിത്രീകരണവും നടക്കും..ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

Related posts