കേസ് ഡയറിയില്‍ കൃത്രിമം നടത്തി; തെളിവുകള്‍ തിരസ്കരിച്ചു… ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന വെളിപ്പെടുത്തല്‍: തുടരന്വേഷണത്തിന് കോടതി ഉത്തരവ്

Maniതിരുവനന്തപുരം: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ആര്‍. സുകേശന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നടപടി. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന് ഹര്‍ജിയില്‍ സുകേശന്‍ ആരോപിച്ചിരുന്നു. കേസ് ഡയറിയില്‍ ശങ്കര്‍ റെഡ്ഡി ഇടപെട്ട് കൃത്രിമം നടത്തി. തെളിവുകള്‍ തിരസ്കരിച്ചു. ധനമന്ത്രിയായിരുന്നു മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ രണ്ടാമത്തെ വസ്തുത റിപ്പോര്‍ട്ട് തള്ളിയെന്നും സുകേശന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതേസമയം, കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് ശങ്കര്‍ റെഡ്ഡി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും രേഖകളും കോടതിയുടെ പക്കലുള്ളതായി അദ്ദേഹം പറഞ്ഞു. കേസില്‍ തുടരന്വേഷണം നടത്താനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബാര്‍ക്കേസ് അന്വേഷണം നീതിയുക്തമായിരുന്നു. കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ല. മാണിയുടെ നിരപരാധിത്വം തെളിയട്ടെ. സമ്മര്‍ദ്ദത്തിനു വഴങ്ങുന്നവര്‍ കേസ് അന്വേഷിക്കുന്നത് അനുചിതമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുകേശന്‍ തിരിച്ചും മറിച്ചും നിലപാടെടുത്തയാളാണ്. ജനങ്ങളെ ബോധ്യപ്പെടുത്തുന്ന അന്വേഷണം വേണം. കേസിലെ തുടരന്വേഷണം സുകേശനെ എല്‍പ്പിക്കരുതെന്നും കെപിസിസി അധ്യക്ഷന്‍ സുധീരനും പറഞ്ഞു.

അതിനിടെ ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് മുന്നണി വിട്ടതിനാല്‍ മാണിക്ക് എല്‍ഡിഎഫില്‍ നിന്ന് സഹായം ലഭിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ കോടതി അനുവദിച്ചാല്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് തന്റേയും വിജിലന്‍സിന്റേയും പണി. അതു ശരിയായ രീതിയില്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടച്ച ബാറുകള്‍ തുറക്കാന്‍ കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് ത്വരിതപരിശോധന നടത്തുകയും കേസെടുക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ എസ്പി ആര്‍. സുകേശനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന് ആവശ്യപ്പെട്ട് താന്‍ നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ട് തള്ളിയെന്നും ശങ്കര്‍ റെഡ്ഡി ഇടപെട്ട് കൃത്രിമം വരുത്തിയെന്നുമാണ് സുകേശന്റെ പുതിയ ആരോപണം.

Related posts