കളമശേരി: കൊച്ചി മെട്രോ തൊഴിലാളികള്‍ താമസിക്കുന്നത് കാടുപിടിച്ച് നാശോന്മുഖമായ എച്ച്എംടി ക്വാര്‍ട്ടേഴ്സുകളില്‍. കളമശേരി എച്ച്എംടി കമ്പനിക്കും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനും ഇടയിലുള്ള എച്ച്എംടി ഭൂമിയിലെ വളരെ പഴക്കമേറിയ ക്വാര്‍ട്ടേഴ്സുകളിലാണ് കൊച്ചി മെട്രോ നിര്‍മാണം കരാര്‍ എടുത്ത കമ്പനികളുടെ തൊഴിലാളികള്‍ താമസിക്കുന്നത്.
മെട്രോ ഭൂമി ഇടപാടില്‍ കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനായി കെഎംആര്‍എല്ലിന് ഭൂമി വാടകയ്ക്ക് നല്കിയപ്പോള് ലഭിച്ചതാണ് ഈ ക്വാര്‍ട്ടേഴ്സുകള്‍. എന്നാല്‍ അവയില്‍ പലതും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. ഈ ഇനത്തില്‍ അഞ്ച് ഹെക്ടര്‍ ഭൂമിയാണ് കെഎംആര്‍എല്ലിന് ലഭിച്ചിരിക്കുന്നത്. സമീപത്ത് മെട്രോ യാര്‍ഡും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിലെ തൊഴിലാളികളും ഈ കെട്ടിടങ്ങളിലാണ് താമസിക്കുന്നത്.
വേരുകളിറങ്ങി പൊട്ടിപ്പൊളിഞ്ഞ പല കെട്ടിടത്തിന്റെയും മുകളില്‍ വന്‍ മരങ്ങള്‍ വളര്‍ന്നുനില്‍ക്കുകയാണ്. ഇവിടം ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ്. ക്വാര്‍ട്ടേഴ്സുകള്‍ അറ്റകുറ്റപ്പണി നടത്തി വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നിരിക്കെയാണ് ഇവ ഉപയോഗശൂന്യമാക്കി നശിപ്പിച്ചു കളയുന്നത്.