കൊടുംചൂടില്‍ വളര്‍ത്തുമൃഗങ്ങളും വലയുന്നു; ചൂടില്‍നിന്നു വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍

alp-chuduകോട്ടയം: കടുത്ത വേനല്‍ ചൂടില്‍ സൂര്യതാപമേറ്റ് ജില്ലയില്‍ രണ്ടു കറവപശുക്കള്‍ ചത്തു. പാടത്ത് മേഞ്ഞുകൊണ്ടിരുന്ന പശുക്കളാണു ചത്തത്. വാകത്താനം പുതുപ്പറമ്പില്‍ എന്‍.എന്‍. റോയിയുടെയും മാങ്ങാനം മുല്ലശേരിയില്‍ കെ.കെ. പത്മകുമാരിയുടെയും കറവയുള്ള പശുക്കളാണു ചത്തത്.  പശുക്കള്‍ ചത്തതില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റമോര്‍ട്ടത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പശുക്കള്‍ ചത്തത് സൂര്യതാപമേറ്റാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചത്.

ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന സംസ്ഥാനത്ത് മനുഷ്യര്‍ക്കെന്നപോലെ വളര്‍ത്തു മൃഗങ്ങള്‍ക്കും മുന്‍കരുതല്‍ അനിവാര്യമായിരിക്കുകയാണ്. മഴയുടെ കുറവ് മൂലം കേരളത്തിലെ സ്വാഭാവിക പുല്ലുകളുടെ ലഭ്യത കുറഞ്ഞതു കന്നുകാലികള്‍ക്കു വലിയ ഭീഷണി സൃഷ്ടിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്ക് സ്വേദഗ്രന്ഥികളുടെ അഭാവത്താലാണ് ചൂടിന്റെ കാഠിന്യം തീവ്രമാകുന്നത്.

കന്നുകാലികള്‍ക്ക് ആവശ്യത്തിനു വെള്ളം നല്‍കാതിരുന്നാല്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൃഗങ്ങള്‍ അസ്വഭാവികമായി ചത്താല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണമെന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ചൂടില്‍നിന്നു വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങള്‍

* വേനല്‍ കടുത്ത സാഹചര്യത്തില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ കെട്ടാതിരിക്കുക. മരതണലുകളില്‍ മൃഗങ്ങളെ കെട്ടുന്നതാണ് ഉചിതം.

* പശുക്കളിലും, നായ്ക്കളിലുമാണ് സൂര്യതാപത്തിന്റെ തീഷ്ണത കൂടുതലായി കാണുന്നത്. കണ്ണുകള്‍ പുറത്തേക്ക് തള്ളുക, തുറിച്ചുനോക്കുക, ഉമിനീര്‍ ധാരയായി ഒഴുകി അപസ്മാര ലക്ഷണങ്ങള്‍ ഉണ്ടാകുക തുടങ്ങിയ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

* സാധാരണയായി കൊടുത്തുകൊണ്ടിരിക്കുന്ന തീറ്റകളില്‍നിന്നു വ്യത്യസ്തമായ തീറ്റകള്‍ മാറി നല്‍കരുത്.

* ചൂട് കൂടുതല്‍ ഉള്ള സമയങ്ങളില്‍ തീറ്റ കുറച്ച് കൊടുത്തു വെള്ളം കൂടുതല്‍ കൊടുക്കുക.

* വളര്‍ത്തു മൃഗങ്ങള്‍ക്ക് ശുദ്ധജലം ആവശ്യാനുസരണം എല്ലാ സമയത്തും ലഭിക്കത്തക്ക രീതിയില്‍ ക്രമീകരണം നടത്തുക.

* തൊഴുത്തുകളില്‍ കാറ്റും, വെളിച്ചവും കടക്കുവാന്‍ സൗകര്യമുണ്ടാക്കണം.

* തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്കു മുകളില്‍ തെങ്ങോലകള്‍ വിരിക്കുന്നത് കടുത്ത ചൂടില്‍നിന്ന് സംരക്ഷിക്കുവാന്‍ സാധിക്കും.

* ഉച്ചസമയത്ത് ചണചാക്കുകള്‍ നന്നച്ച് കന്നുകാലികളുടെ പുറത്തിടുന്നത് അഭികാമ്യമാണ്.

* കോഴികള്‍ക്ക് തീറ്റ പലഘട്ടങ്ങളിലായി നല്‍കുന്നതോടൊപ്പം കുടിവെള്ളവും ആവശ്യത്തിന് നല്‍കേണ്ടതാണ്.

* ബ്രോയിലര്‍/മുട്ടക്കോഴി കൂടുകളില്‍ കാറ്റും വെളിച്ചവും കടക്കുന്നുവെന്ന് ഉറപ്പ് വരുത്തണം.
വളര്‍ത്തു മൃഗങ്ങളില്‍ ഉയര്‍ന്ന ചൂട് മൂലം അസ്വസ്തതകള്‍ കാണിക്കുകയാണെങ്കില്‍ ഉടമസ്ഥര്‍ ഉടന്‍തന്നെ മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

Related posts