പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കൊട്ടിക്കലാശത്തിന് ആരവമായി. നാടെങ്ങും പ്രചാരണത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശത്തിനുവേണ്ടി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തയാറായി കഴിഞ്ഞു.
നിയോജകമണ്ഡലങ്ങളിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് കലാശക്കൊട്ടിനുള്ള ക്രമീകരണങ്ങള്‍ പ്രമുഖ സ്ഥാനാര്‍ഥികള്‍ നടത്തിവരികയാണ്. ഉച്ചകഴിയുന്നതോടെ സ്ഥാനാര്‍ഥികള്‍ പ്രധാന ടൗണുകളിലെത്തും. പ്രചാരണരംഗത്തെ മികവ് മുന്‍നിര്‍ത്തിയുള്ള പ്രകടനമാണ് കലാശക്കൊട്ടിന്റെ ഭാഗമായുള്ളത്. ആറന്മുള മണ്ഡലത്തില്‍ പത്തനംതിട്ട ടൗണിലാണ് മൂന്ന ്സ്ഥാനാര്ഥികളും സംഗമിക്കുന്നത്. പ്രചാരണവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി, ആറന്മുള തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും കലാശക്കൊട്ടിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.
റാന്നി, കോന്നി, അടൂര്‍, തിരുവല്ല എന്നിവിടങ്ങളിലും സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുന്ന കലാശക്കൊട്ട് നടക്കും. മണ്ഡലത്തിലുടനീളം ഓട്ടപ്രദക്ഷിണം നടത്തി കലാശക്കൊട്ടിനെത്താനാണ് സ്ഥാനാര്‍ഥികളുടെ തീരുമാനം. പ്രചാരണം അവസാനിക്കുമ്പോള്‍ ത്രികോണ മത്സരത്തിന്റെ പ്രതീതി ജില്ലയിലെ പല മണ്ഡലങ്ങളിലുമുണ്ട്. എന്‍ഡിഎ നടത്തിയിട്ടുള്ള മുന്നേറ്റം റാന്നി, ആറന്മുള, അടൂര്‍ മണ്ഡലങ്ങളില്‍ നിര്‍ണായകമാണ്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരു നയിച്ച മണ്ഡലങ്ങളില്‍ ബിഡിജെഎസ് പിന്തുണയോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ശക്തമായ പോരാണ് നടത്തിയിട്ടുള്ളത്.
മണ്ഡലത്തിലെ സ്വീകരണ പര്യടന പരിപാടികള്‍ സ്ഥാനാര്‍ഥികള്‍ ഇന്നലെ ഏറെക്കുറെ പൂര്‍ത്തീകരിച്ചു.
വ്യാഴാഴ്ച തന്നെ പര്യടനം പൂര്‍ത്തിയാക്കിയവര്‍ ഇന്നലെ മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തി. സ്വീകരണ പരിപാടികള്‍ക്കിടെ എത്തപ്പെടാന്‍ കഴിയാതിരുന്ന മേഖലകളിലാണ് സ്ഥാനാര്‍ഥികള്‍ എത്തിയത്. കോളനികള്‍, വോട്ടര്‍മാര്‍ കൂടുതല്‍ അധിവസിക്കുന്ന മേഖലകള്‍ എന്നിവിടങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ ഓടിയെത്തി.