എടത്വ: കുട്ടനാട്ടിലെ കൊയ്തൊഴിഞ്ഞ പാടത്ത് ദേശാടനപ്പക്ഷികള്‍ വിരുന്നെത്തി. വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍ മുതല്‍ പാടത്തെ സ്ഥിരം വിരുന്നുകാരായ കൊക്കുമുണ്ടികള്‍വരെ ഇക്കൂട്ടത്തില്‍പെടുന്നു. കൊയ്ത്തു കഴിഞ്ഞ് വെള്ളം കയറ്റിയ പാടത്താണ് കൂടുതല്‍ കണ്ടുവരുന്നത്. വേഴാമ്പല്‍, മഞ്ഞക്കൊക്ക്, താമരക്കോഴി, കുളക്കോഴി, ചാരക്കോഴി, എരണ്ട എന്നിവര്‍ പാടത്തെ സ്ഥിരം സന്ദര്‍ശകരായി മാറി. കുട്ടനാട്ടില്‍ കൃഷിയുടെ ആരംഭത്തിലും വിളവെടുപ്പ് കഴിയുമ്പോഴുമാണ് വിദേശയിനം പക്ഷികളുള്‍പ്പെടെ ആയിരക്കണക്കിനു പക്ഷികള്‍ എത്തുന്നത്. നദിയിലെ ചെറുമീനുകള്‍ ഇഷ്ടഭക്ഷണമായ ഇവര്‍ കൂട്ടംകൂടിയാണ് ഇരതേടാന്‍ വരുന്നത്.
പൊന്തക്കാടുകളില്‍ രാത്രി ചേക്കേറാനെത്തുന്ന പക്ഷികള്‍ രാവിലെ ഇരതേടുന്നത് കൊയ്ത്തു കഴിഞ്ഞ പാടത്താണ്. കൂട്ടമായെത്തുന്ന പക്ഷികളെ വീക്ഷിക്കാനും ചിത്രമെടുക്കാനും വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കുട്ടനാട്ടില്‍ എത്താറുണ്ട്. വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങള്‍ ഇവര്‍ സങ്കേതമാക്കുന്നു. മുട്ടയിട്ട് അടയിരുന്നു വിരിയിക്കുന്ന പക്ഷികള്‍ പൊന്തക്കാടുകളില്‍ നിത്യകാഴ്ചയാണ്. വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൊക്ക്, നീലക്കോഴി ഇനത്തില്‍പെട്ട പക്ഷികള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. കുട്ടനാട്ടിലെ പാണ്ടി, ചെറുതന, ആയാപറമ്പ്, ചെക്കിടിക്കാട്, കേളമംഗലം എന്നീ പ്രദേശങ്ങള്‍ പക്ഷി സങ്കേതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പക്ഷികളുടെ വംശനാശഭീഷണി നേരിടുന്ന തരത്തില്‍ പക്ഷിവേട്ടയും പറവകളെ ഓടിക്കാനുള്ള കരിമരുന്നു പ്രയോഗവും നടത്തരുതെന്ന് നിര്‍ദേശമുണെ്ടങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല.
കുട്ടനാട്ടിലെ ഗ്രാമീണഷാപ്പുകളില് പറവയിറച്ചി സുലഭമായി ലഭിക്കാറുണ്ട്. ദേശാടനപ്പക്ഷികള്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പക്ഷി സങ്കേതമായി പതിറ്റാണ്ടുമുമ്പ് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും കുട്ടനാട്ടിലെ പക്ഷിസങ്കേതം മറന്ന മട്ടാണ്. പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്ത് വനസംരക്ഷണം ഉറപ്പുവരുത്താനും, മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ സ്ഥാപിച്ച ഇരുമ്പ് ബോര്‍ഡില്‍ ഒതുങ്ങുക മാത്രമാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.