കൊല്ലത്ത് പട്ടയമേള ഇന്ന് 1500ഓളം പേര്‍ക്ക് പട്ടയം നല്‍കും

KLM-ADDORPRAKASHകൊല്ലം: ജില്ലാതല പട്ടയമേള ഇന്ന് ഉച്ചകഴിഞ്ഞ്  കൊല്ലം ടി.എം. വര്‍ഗീസ് സ്മാരക ഹാളില്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനംചെയ്യും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലുള്ള പട്ടയങ്ങളും ജനറല്‍ പട്ടയവും കൈവശരേഖയുമടക്കം ജില്ലയിലെ 1500ഓളം പേര്‍ക്കാണ് ഇന്ന് ഭൂമി ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 28591 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തുവെങ്കിലും ആദ്യഘട്ടത്തില്‍ 587 പേര്‍ക്കാണ് മൂന്നു സെന്റ് ഭൂമി വീതം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ പദ്ധതിപ്രകാരം 870 പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം നല്‍കുന്നത്.

കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളില്‍ എട്ട് വീതവും കുന്നത്തൂരില്‍ നാലും കൊട്ടാരക്കരയില്‍ 555 ഉം പുനലൂരില്‍ 256 ഉം പത്തനാപുരത്ത് 39ഉം പേര്‍ക്കാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടയം നല്‍കുന്നത്.  ഇതിനുപുറമെ പട്ടയമേളയില്‍ വിതരണംചെയ്യുന്ന 524 ജനറല്‍ പട്ടയങ്ങളും 26 കൈവശരേഖകളും ചേര്‍ത്ത് ജില്ലയിലെ ആകെ 1420 പേര്‍ക്കാണ് ഭൂമി ലഭിക്കുന്നത്. ഇനിയും കണ്ടെത്തിയിട്ടുള്ള ഭൂമി മുഴുവനും പ്ലോട്ടു തിരിച്ച് ജില്ലയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കുന്ന പ്രവര്‍ത്തനം തുടരുമെന്ന് ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു.

മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മേയര്‍ അഡ്വ.വി. രാജേന്ദ്രബാബു, എം.പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, കെ എന്‍ ബാലഗോപാല്‍, എം എല്‍ എമാരായ പി കെ ഗുരുദാസന്‍, എ എ അസീസ്, എം എ ബേബി, സി ദിവാകരന്‍, ഐഷാ പോറ്റി, മുല്ലക്കര രത്‌നാകരന്‍, കെ രാജു, ജി എസ് ജയലാല്‍, കെ ബി ഗണേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, റവന്യൂ സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ കമ്മീഷണര്‍ എം ബി മോഹന്‍ദാസ്, ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍, അസിസ്റ്റന്റ് കളക്ടര്‍ ഡോ എസ് ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.

Related posts