കൊല്ലം: പോലീസ്-മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെ നോക്കുകുത്തിയാക്കി കൊല്ലം നഗരത്തില്‍ സ്വകാര്യ ബസുകാരുടെ ട്രാഫിക് നിയമലംഘനം പതിവാകുന്നു.നിശ്ചയിച്ച റൂട്ടുകളില്‍ നിന്ന് വ്യതിചലിച്ച് സര്‍വീസ് നടത്തുക, റോഡുകളില്‍ സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗതാഗതം തടസപ്പെടുത്തല്‍ എന്നിവയാണ് പ്രധാനം.
മിക്ക ബസുകളിലും ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ യൂണിഫോം ധരിക്കാതെയാണ് ജോലിചെയ്യുന്നത്. നഗരത്തില്‍ ഓടുന്ന ഭൂരിഭാഗം ബസുകള്‍ക്കും മുന്‍വശത്തും പുറകുവശത്തും വാതിലുകളില്ല.സ്കൂളുകള്‍ക്ക് സമീപത്തെ സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താത്തതും വിദ്യാര്‍ഥികളെ കയറ്റാതിരിക്കുന്നതും നിത്യസംഭവമാണ്. ചില കണ്ടക്ടര്‍മാര്‍ വിദ്യാര്ഥിനികളുടേതടക്കം ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തുന്നതും വ്യാപകമായ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം കൊട്ടിയത്തിന് സമീപം സ്വകാര്യബസില്‍ മദ്യപിച്ച് ജോലിചെയ്ത കണ്ടക്ടറെ സ്ത്രീയാത്രക്കാര്‍ അടക്കമുള്ളവര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ച സംഭവം വരെ ഉണ്ടായി.തിരിച്ചറിയല്‍ കാര്‍ഡും യൂണിഫോമും ഒക്കെയുണെ്ടങ്കിലും ചില ബസുകളില്‍ ജീവനക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കാത്ത സംഭവവും അരങ്ങേറുന്നു.
രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സമയത്തിന്റെ കാര്യത്തിലെ ഈ ക്ലിപ്തത ഭൂരിഭാഗം ബസ് ജീവനക്കാരും പാലിക്കാറില്ല. ഇത് പലപ്പോഴും വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന് വരെ കാരണമാകുന്നുണ്ട്.കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തുനിന്ന് ഇരവിപുരം, മയ്യനാട്, കൊട്ടിയം ഭാഗത്തേയ്ക്കുള്ള സ്വകാര്യബസുകള്‍ ബീച്ച്റോഡ്, ബീച്ച്റോഡ്, റെയില്‍വേ ഓവര്‍ബ്രിഡ്ജ്, എആര്‍ ക്യാമ്പ്, ക്യുഎസി റോഡ് വഴി റെയില്‍വേ സ്റ്റേഷന് സ്റ്റോപ്പിലെത്തി വേണം പോകേണ്ടത്.
മിക്ക സ്വകാര്യബസുകളും ഇതുവഴി പോകാറില്ല. എസ്എംപി തിയേറ്ററിന് സമീപത്തെ റെയില്‍വേ ഗേറ്റ് തുറന്നുകിടന്നാല്‍ ഇവര്‍ അതുവഴിയേ ബസ് ഓടിക്കാറുള്ളൂ.ഇങ്ങനെ കുറുക്കുവഴി പോകുന്ന ബസുകള്‍ റെയില്‍വേ സ്റ്റേഷന് സ്റ്റോപ്പില്‍ പോകാതെ എസ്ബിഐ ജംഗ്ഷന്, എആര്‍ ക്യാമ്പ് വഴിയാണ് പൊയ്ക്കൊണ്ടിരുന്നത്.ഇപ്പോള്‍ ഇങ്ങനെ പോകുന്ന ബസുകള്‍ പുതിയകാവ് അമ്പലത്തിന് മുന്നിലുള്ള റോഡിലൂടെയാണ് ദേശീയപാതയില്‍ കയറുന്നത്. ഇത് അമ്പലത്തിന് മുന്നിലുള്ള റോഡിലും ദേശീയപാതയിലും പലപ്പോഴും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. പുതിയകാവ് അമ്പലത്തിന് മുന്നിലെ റോഡ് മഴപെയ്താല്‍ കുളമാകും. ബസുകള്‍ ഇതുവഴി പോയാല്‍ പിന്നെ കാല്‍നടപോലും അസാധ്യമാകുകയും ചെയ്യും.
ബസുകള്‍ എസ്എംപി റെയില്‍വേ ഗേറ്റ് വഴി കടന്നുപോകുന്നത് നിയന്ത്രിക്കാന്‍ ഇവിടെ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വയര്‍ലെസ് സെറ്റ് സഹിതം ഇവിടെ ഡ്യൂട്ടിക്കുള്ള പോലീസുകാര്‍ സ്വകാര്യബസുകാരുടെ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.ഒന്നിനു പുറകേ ഒന്നായി നിരവധി ബസുകള്‍ ഗേറ്റിലൂടെ കടന്നുപോകാന്‍ എത്തുമ്പോള്‍ ബീച്ച്റോഡിലും ഗതാഗതക്കുരുക്കാകും. ഇത് അഴിച്ചെടുക്കാന്‍ പിന്നെ പോലീസിന് ഏറെ പണിപ്പെടേണ്ടി വരും.
ചിലപ്പോള്‍ ഇവിടെ ഹോംഗാര്‍ഡുകളേയും വനിതാ ട്രാഫിക് വാര്ഡന്മാരെയുമായിരിക്കും ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇവരുടെ നിര്‍ദേശങ്ങള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അനുസരിക്കാറേയില്ല. എന്തെങ്കിലും നിര്‍ദേശം നല്കിയാല് വനിതാ വാര്ഡന്മാരെ പരിഹസിക്കുന്ന ബസ് ജീവനക്കാര്‍ വരെയുണ്ട്.ചിന്നക്കടയിലെ അടിപ്പാതയും മേല്‍പ്പാലവുമൊക്കെ യാഥാര്‍ഥ്യമായെങ്കിലും സ്വകാര്യബസുകാരുടെ നിയമലംഘനം പലപ്പോഴും നഗരത്തില്‍ വന്‍ ട്രാഫിക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
നഗരഹൃദയത്തില്‍ മിക്കയിടത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് ഇത് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കണ്ട്രോള് റൂമില്‍ കാണുന്നുമുണ്ട്. പക്ഷേ നിയമ ലംഘടനം നടത്തുന്നവരെ പിടികൂടാന്‍ മാത്രം പോലീസിന് വലിയ താത്പര്യമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.