സൂര്യനാരായണൻ
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോളിനു ജീവനു ഭീഷണി. തന്നെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തുന്നതായി ഇവർ പരാതിപ്പെട്ടു കഴിഞ്ഞു. എന്നാൽ, ദുരൂഹത മറനീക്കി പുറത്തു കൊണ്ടു വരാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഫോണ്‍കോളുകളും ഹവാല ഇടപാടുകളും പോലീസ് പരിശോധിക്കുന്നു. വിദേശത്തു നിന്നും ഇംഗ്ലീഷിൽ ഭീഷണി വന്ന നിലയിലാണ് ലീന പോലീസിനോടു പറയുന്നത്. മൊബൈൽ ആപ് ഉപയോഗിച്ചു വ്യാജ വിദേശ നന്പരുണ്ടാക്കി ഫോണ്‍ വിളിക്കുന്നതാണോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് സംരക്ഷണമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ഇതു സംബന്ധിച്ചും പോലീസിലും ഹൈക്കോടതിയിലും പരാതി നൽകിക്കഴിഞ്ഞു.
അധോലോകസംഘമാണ് ഭീഷണിക്കു പിന്നിലെന്നാണ് ഇവരുടെ നിലപാട്. ലീനയുടെ പങ്കാളിയായിരുന്ന ആൾ തട്ടിപ്പുകേസിൽ അകത്തായതും ഇവർ തട്ടിപ്പുകേസിൽ ജാമ്യത്തിൽ ഇറങ്ങി നടക്കുന്നതും ഭീഷണിക്കു കാരണമാകുന്നുണ്ട്. തട്ടിപ്പുകേസിൽ ഡൽഹിയിൽ അറസ്റ്റിലായ സുകേഷുമായിട്ടുള്ള ബന്ധം ഭീഷണിക്കു പിന്നിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. പലപ്പോഴും നടിയുടെ വ്യത്യസ്ത മൊഴിയാണ് പോലീസിനെ വട്ടം കറക്കുന്നത്.
ബംഗളൂരിൽ ബിഡിഎസിനു പഠിക്കുന്ന സമയത്താണ് സുകേഷുമായി നടി പരിചയപ്പെടുന്നത്. അങ്ങനെ ബിസിനസ് പങ്കാളിയായി മാറി. സുകേഷ് പണം തട്ടിയെടുത്തു എന്ന് ആരോപിച്ചാണ് ബന്ധം ഇല്ലാതാക്കിയതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇതു പൂർണമായും പോലീസ് ഉൾക്കൊണ്ടിട്ടില്ല. സിനിമകഥ പോലെ തന്നെയായിരുന്നു ലീനയുടെ ജീവിതവും.
ബിഡിഎസുകാരി ഐഎഎസുകാരിയായി
ദുബായിൽ പഠിച്ചുവളർന്ന ബിഡിഎസുകാരി ലീന പിന്നീടു ഐഎഎസുകാരിയായി തട്ടിപ്പു നടത്തി അറസ്റ്റിലായതും സിനിമയെ വെല്ലുന്ന രീതിയിലാണ്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. പനന്പള്ളി നഗറിലെ സ്ഥാപനത്തിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സംരക്ഷണം ആവശ്യപ്പെട്ടു നടി ഹർജി നൽകിയത്.
വെടിവയ്പ്പ് നടക്കുന്നതിനു മുന്‍പ് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരിൽ ഭീഷണി ഫോണ്‍ സന്ദേശം വന്നതായും പണം ആവശ്യപ്പെട്ടതായും ഹർജിയിൽ നടി വ്യക്തമാക്കുന്നു. ആക്രമണത്തിന് ശേഷവും തനിക്ക് ഫോണ്‍കോൾ തുടരുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്.
കൊച്ചിയിലെ ബ്യൂട്ടിപാർലറിനു നേരെ വെടിവയ്പ്പുണ്ടായതിനു ശേഷവും പല തവണ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായി നടി ലീന മരിയ പോൾ പോലീസിനോട് പറഞ്ഞു. കൊച്ചിയിലെ ബ്യൂട്ടി പാർലർ അടപ്പിക്കുമെന്നും പൈസ കൊടുത്തില്ലെങ്കിൽ ആക്രമണമുണ്ടാകുമെന്നുമാണ് രവി പൂജാരിയുടെ പേരിൽ ഭീഷണിയെത്തിയെതെന്നു ലീന മരിയ പോൾ പറഞ്ഞു. അതേസമയം, സൗത്ത് കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന മരിയ പോൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനന്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയിൽ ആർടിസ്ട്രി എന്ന ബ്യൂട്ടി പാർലറിനു നേരേ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്കു വെടിയുതിർക്കുകയായിരുന്നു. ബ്യൂട്ടി പാർലറിന്റെ സ്റ്റെയർ കേസിനു നേർക്കു വെടിയുതിർത്ത സംഘം ബൈക്കിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.
അക്രമികൾ ബൈക്കിലെത്തിയ സിസിടിവി ദൃശ്യം മാത്രമാണ് ഇപ്പോഴും പോലീസിന്റെ കൈയിലുള്ളത്. ചെന്നൈയിലും മുംബൈയിലും നിരവധി സാന്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയാണ് ലീന മരിയ പോൾ. മലയാളത്തിൽ റെഡ് ചില്ലീസ് അടക്കം ചില സിനിമകളിൽ ലീന മരിയ പോൾ അഭിനയിച്ചിട്ടുണ്ട്.