എന്താണ് കണ്‍കറന്റ് ലിസ്റ്റെന്ന് എതിര്‍ വാദക്കാരന്‍! അതെന്താണെന്ന് മുഖ്യമന്ത്രിയോട് പോയി ചോദിക്കാന്‍ പറഞ്ഞ്, ചര്‍ച്ചയില്‍ നിന്ന് മുങ്ങി ശോഭാ സുരേന്ദ്രന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും

‘കണ്‍കറന്റ് ലിസ്റ്റ്’. ഇതാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം. ‘എന്താണ് കണ്‍കറന്റ് ലിസ്റ്റ്’? ചര്‍ച്ചക്ക് തുടക്കം കുറിച്ചത് മറ്റാരുമല്ല ചാനല്‍ ചര്‍ച്ചകളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.

ഒരു വാര്‍ത്താ ചാനലിലെ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി എ.എ റഹിമും ബി.ജെ.പി പ്രതിനിധി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വാക്പോരിലാണ് കണ്‍കറന്റ് വിഷയം ചര്‍ച്ചയായത്. വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭ പ്രമേയം പാസാക്കിയാലെങ്കിലും കേന്ദ്രം നോക്കാം എന്ന് പറയാത്തത് എന്നും പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്നും മനസിലാകുന്നില്ലെന്ന എന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനും റഹീമും തമ്മില്‍ വാക്പോര് ഉണ്ടായത്.

ചോദ്യത്തിന് ഉത്തരമായി അവതാരകന് അഭിലാഷിന് അത് മനസിലാവില്ലെന്നും അവതാരകന്‍ എന്നതില്‍ ഉപരിയായി ബി.ജെ.പിയെ എങ്ങിനെയെങ്കിലും താറ് അടിച്ച് കാണിക്കുന്നതാണ് താല്പര്യമെന്നും പറഞ്ഞ ശോഭ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

തുടര്‍ന്ന് അവതാരകന്‍ തനിക്ക് എന്തെങ്കിലും മുന്‍വിധികള്‍ ഉണ്ടെന്ന് തന്നെ വെച്ചോളു എന്നാലും ചോദ്യം ലളിതമാണ് എന്ത് കൊണ്ടാണ് പത്തനംതിട്ട ജില്ലയിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകനും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താത് എന്ന് ചോദ്യം ആവര്‍ത്തിച്ചു.

ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്‍താമസമുള്ളവരാണെന്നും അവര്‍ക്ക് അറിയാം കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് എന്നും പറയുകയായിരുന്നു. ഇതോടെ അവതാരകന് ചിരിയടക്കാനായില്ല. കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.

എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്ന് എ.എ റഹിം ചോദിച്ചെങ്കിലും പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന്‍ ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. ശോഭയുടെ മറുപടി അവതാരകനെയും പാനല്‍ അംഗങ്ങളെയും ചിരിയിലാഴ്ത്തിയിരുന്നു.

വീഡിയോ ചാനല്‍ വീഡിയോ യൂട്യൂബില്‍ പങ്കു വെച്ചതോടെ നവമാധ്യമങ്ങള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ട്രോളുകളുടെ രൂപത്തിലും ശോഭയ്‌ക്കെതിരെ പരിഹാസമുണ്ടായി.

പാര്‍ലമെന്റുകളും സംസ്ഥാന നിയമസഭകളും സമാന്തരമായി നിയമമാക്കുന്ന പട്ടികയാണ് യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റ്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമല്ല.

Related posts