കോട്ടപ്പള്ളിയില്‍ നടന്നത് തൂണേരി മോഡല്‍ കൊള്ളയെന്നു യൂത്ത് ലീഗ്

kkd-moshanamവടകര: കോട്ടപ്പള്ളിയില്‍ സിപിഎം.-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വീടുകളില്‍ കയറി തൂണേരി മോഡല്‍ കൊള്ളയാണ് നടന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന  വൈസ് പ്രസിഡന്റ് സിപിഎ അസീസും സെക്രട്ടറി നജീബ് കാന്തപുരവും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുനത്തില്‍ അമ്മദിന്റെ വീട്ടിലാണ് സിപിഎം പ്രവര്‍ത്തകര്‍ കൊള്ള നടത്തിയത്. യൂത്ത് ലീഗ് പ്രവര്‍ത്തകനാണ് അമ്മദിന്റെ മകന്‍. ഇവിടെ വീടിന്റെ മുന്‍വശത്തെ കതക് അടിച്ചുതര്‍ത്ത സംഘം വീട്ടില്‍ ബോംബെറിഞ്ഞ് ഭീതിപരത്തി. തുടര്‍ന്ന് അകത്തെ വാതില്‍ തകര്‍ത്ത് അലമാരയിലെ പത്തുപവന്റെ ആഭരണങ്ങളും രൂപയും കവര്‍ന്നു.

അടുത്ത മുറിയില്‍ ഒളിച്ചിരുന്ന വീട്ടുകാര്‍ വാതില്‍ തുറക്കാനാവാത്തതു കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം വീടിന്റെ ജനല്‍ ഗ്ലാസുകളെല്ലാം തകര്‍ത്താണ് മടങ്ങിയത്. ഈ സംഭവത്തിനു തൊട്ടുമുമ്പ് അരീക്കല്‍ചാലില്‍ കണ്ണന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. ജനല്‍ തകര്‍ത്ത സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയ സ്കൂട്ടര്‍ കേടുവരുത്തി. സിപിഎം അനുഭാവിയുടെ ഫ്രന്റ്‌സ് ഹോട്ടല്‍, സാംസ്കാരിക കേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന പിഎസി കോട്ടപ്പള്ളി എന്നിവക്കു നേരെയും അക്രമമുണ്ടായി.

വാഹനത്തിനു സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ  വാക്കേറ്റമാണ് കോട്ടപ്പള്ളിയിലെ അക്രമങ്ങളില്‍ കലാശിച്ചത്.  പല ഭാഗത്തു നിന്നായി സംഘടിച്ചെത്തിയവര്‍ കോട്ടപ്പള്ളിയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കണ്ണില്‍ കണ്ടവരെ തല്ലുന്ന സ്ഥിതിയുണ്ടായി. വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തു.

Related posts