കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദിവാസി രോഗികള്‍ മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്നു

KTM-ADIVASIഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ആദിവാസികളായ രോഗികള്‍ മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്നു. ആദിവാസികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയും മരുന്നും നല്‍കുന്നതിനു പട്ടികവര്‍ഗ ക്ഷേമ വകുപ്പ് പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണെ്ടങ്കിലും മാസങ്ങളായി ഈ ഫണ്ട് ലഭിക്കാത്തതാണ് ആദിവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ അടക്കം മുപ്പതോളം രോഗികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഷ്ടപ്പെടുകയാണ്.

ഇത് പിറന്നു വീഴുന്ന ആദിവാസി കുട്ടികളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നെത്തിയ 30ല്‍ അധികം ആദിവാസി രോഗികളാണു വിവിധ വിഭാഗങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നത്. ചികിത്സയ്ക്കുള്ള മരുന്നു വാങ്ങുന്നതിനു പണമില്ലാത്തതിനു പുറമെ ഭക്ഷണത്തിനുപോലും ഇവരുടെ പക്കല്‍ പണമില്ല. മെഡിക്കല്‍ കോളജുകളില്‍ ചികിത്സ തേടുന്ന ആദിവാസികള്‍ക്കു സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിന് ആശുപത്രി സൂപ്രണ്ടിന്റെ അക്കൗണ്ടിലേക്കാണു പട്ടികവര്‍ഗക്ഷേമ വകുപ്പു ഫണ്ട് അനുവദിക്കുന്നത്.

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട രോഗിക്ക് 50000 രൂപയും എപിഎല്‍ വിഭാഗത്തില്‍പ്പെട്ട രോഗിക്ക് 10000 രൂപയുമാണു പരമാവധി നല്‍കുക. ഇതാണ് മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. ഇതോടെ ആദിവാസി രോഗികള്‍ മരുന്നു വാങ്ങുന്നുതിനു നട്ടം തിരിയുകയാണ്.മെഡിക്കല്‍ കോളജില്‍ ചികിത്സതേടുന്ന ആദിവാസി രോഗി ആദ്യം ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ബന്ധപ്പെടണം. പിന്നീട് ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണെന്നു തെളിയിക്കുന്നതിനു താമസസ്ഥലത്തെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റോ, ജാതി സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

തുടര്‍ന്നു ചികിത്സയില്‍ കഴിയുന്നതിനിടെ മരുന്ന് ആവശ്യമായി വരുമ്പോള്‍ ഡോക്ടര്‍ എഴുതി നല്‍കിയ ചീട്ടുമായി ആശുപത്രിയിലെ ട്രൈബല്‍ വിഭാഗത്തിലെത്തി ചീട്ട് നല്‍കണം. ഇവിടുത്തെ പ്രമോട്ടര്‍മാര്‍ ചീട്ടു പരിശോധിച്ചു ചികിത്സ ഫണ്ട് വിനിയോഗിച്ചു മരുന്നു വാങ്ങി നല്‍കുകയാണ് ചെയ്യുന്നത്. ആദിവാസി രോഗിക്ക് ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിന് 200രൂപയും കൂട്ടിരിപ്പുകാരന് 150 രൂപയും അനുവദിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ പ്രമോട്ടര്‍മാര്‍ തന്നെ ആംബുലന്‍സ് ഏര്‍പ്പാടാക്കി ഇവര്‍ താമസിക്കുന്ന സ്ഥലത്തു കൊണ്ടുചെന്നാക്കുകയും ചെയ്യണം.

മാസങ്ങളായി ആദിവാസി ചികിത്സാ ഫണ്ട് മുടങ്ങിയിരിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആദിവാസികളുടെ സാഹചര്യം വളരെ ദയനീയമാണ്. കാന്‍സര്‍ പോലെ മാരക രോഗം ബാധിച്ച രോഗികളാണ് ഏറെ കഷ്ടപ്പെടുന്നത്.ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയിലുള്ള പത്തനംതിട്ട അട്ടത്തോട് ചാലക്കയം കോളനിയില്‍ ഷാജിയുടെ ഭാര്യ സന്ധ്യ(23), കോന്നി സ്വദേശിനിയായ മിനി എന്നിവരുടെ അവസ്ഥ ദാരുണമാണ്.

സന്ധ്യയും മിനിയും പ്രസവത്തിനായി അഡ്മിറ്റായതു മുതല്‍ മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടിലാണ്. ദിവസങ്ങളായി ഇവര്‍ പ്രഭാത ഭക്ഷണം കഴിച്ചിട്ട്. ഒരു ചായ വാങ്ങി കൊടുക്കാന്‍ പോലും ഇവരുടെ ഭര്‍ത്താക്കന്മാരുടെ കൈയില്‍ പണില്ല. ഉച്ചയ്ക്കും വൈകിട്ടും നവജീവന്റെ ഭക്ഷണം ഉള്ളതുകൊണ്ടാണ് ആശുപത്രിയിലുള്ള ആദിവാസി രോഗികളുടെ ജീവന്‍ നിലനില്‍ക്കുന്നത്.

എതാനും ദിവസങ്ങള്‍ക്കു മുമ്പ് സന്ധ്യയും മിനിയും കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയെങ്കിലും ശരിയായ ഭക്ഷണവും പോഷാകാഹാരക്കുറവും മൂലം കുഞ്ഞുങ്ങള്‍ക്കു തൂക്കം കുറഞ്ഞു രോഗാവസ്ഥയിലാണ്.ശോഷിച്ച അവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ കിടപ്പ് ആരേയും വേദനപ്പിക്കുന്നതാണ്. ഇവരുടെ പരിതാപകരമായ അവസ്ഥ കണ്ട് അടുത്ത് കിടക്കുന്നവര്‍ കഴിഞ്ഞദിവസം പിരിവെടുത്തു ചെറിയ തുക നല്‍കിയതുകൊണ്ടു മാത്രമാണ് ഇവര്‍ പിടിച്ചു നില്‍ക്കുന്നത്. ഇനിയും ആദിവാസികള്‍ക്കുള്ള സൗജന്യ ചികിത്സാഫണ്ട് വൈകിയാല്‍ ആദിവാസികള്‍ക്കു ചികില്‍സ ഉപേക്ഷിച്ചു തിരികെ മലകയറി മരണത്തോടു മല്ലടിക്കേണ്ടി വരും.

Related posts