ഗാന്ധിനഗര്‍: മെഡിക്കല്‍കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രണ്ടാമത്തെ ലിഫ്റ്റും തകരാറിലായതോടെ രോഗികളെ വാര്‍ഡുകളില്‍ എത്തിക്കാനാവാതെ വലയുന്നു. ഒരു ലിഫ്റ്റ് ആഴ്ചകളായി തകരാറിലാണ്. രണ്ടാമത്തെ ലിഫ്റ്റ് ഇന്നലെ വൈകുന്നേരമാണ് പ്രവര്‍ത്തന രഹിതമായത്. ഇതോടെ രണ്ടു ലിഫ്റ്റുകളും തകരാറിലായി. ഇന്നു രാവിലെ രോഗികളെ വാര്‍ഡില്‍ എത്തിക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ടി. അത്യാഹിത വിഭാഗത്തിലെ ഒരുലിഫ്റ്റ് മോട്ടോര്‍ കത്തി തകരാറിലായിട്ടും കേടുപാടുകള്‍ തീര്‍ത്തില്ല. ഇത് നിലച്ചിട്ട് ആഴ്ചകളായി.
നിലവില്‍ ഒരു ലിഫ്റ്റ് ആണ് അത്യാവശ്യത്തിന് രോഗികളെ വാര്‍ഡില്‍ എത്തിക്കുന്നതും ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ളവര്‍ ഉപയോഗിക്കുന്നതും. ഈ ലിഫ്റ്റ് ഇന്നലെ വൈകുന്നേരം തകരാറിലായി. അത്യാഹിത വിഭാഗത്തില്‍ നിന്ന് അകലെയുള്ള മെയിന്‍ ലിഫ്റ്റ് വഴിയാണ് ഇപ്പോള്‍ രോഗികളെ വാര്‍ഡില്‍ എത്തിക്കുന്നത്. ഇതിനായി രോഗികളെ സ്‌ട്രെച്ചറില്‍ ഏറെ ദൂരം തള്ളിക്കൊണ്ടുവരണം. അത്യാസന്ന നിലയിലുള്ള രോഗികളെ ഇങ്ങനെ കൊണ്ടുപോകുന്നത് അപകടകരമാണ്.
മാത്രമല്ല ഈ ലിഫ്്റ്റ് വഴിയാണ് മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറും അടക്കം വാര്‍ഡിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. അതിനാല്‍ എപ്പോഴും നല്ല തിരക്കാണിവിടെ. നൂറുകണക്കിന് രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ദിവസേന എത്തുന്നത്. അഞ്ചു ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്ക് ആശ്വാസമായ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലിഫ്റ്റുകള്‍ തകരാറിലായാല്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കാറില്ല എന്നാണ് പരാതി.