കൊടുവായൂര്‍: റോഡുവക്കില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് പരസ്യബോര്‍ഡ് യാത്രക്കാര്‍ക്ക് അപകടഭീഷണിയായി. കൊടുവായൂര്‍ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ കുഴല്‍മന്ദം പഞ്ചായത്തിലേക്ക് യാത്രക്കാര്‍ക്ക് സ്വാഗതസന്ദേശം നല്കുന്ന ബോര്‍ഡാണ് അടിഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്ന് യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുന്നത്.പതിനഞ്ചുവര്‍ഷംമുമ്പു സ്ഥാപിച്ച ബോര്‍ഡ് റോഡ് വീതികൂട്ടിയതോടെ പാതയ്ക്കരികിലായി.
കൊടുവായൂരില്‍നിന്നും കുഴല്‍മന്ദം ഭാഗത്തേക്ക് തുടര്‍ച്ചയായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലാണ് തകര്‍ച്ചാഭീഷണിയുള്ള കോണ്‍ക്രീറ്റ് ബോര്‍ഡ് നില്ക്കുന്നത്. ബോര്‍ഡിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ഇരുവശത്തും ഇളകിപോയി. ഇരുവശത്തും വാഹനങ്ങളെത്തിയാല്‍ ബോര്‍ഡിന് അരികിലൂടെ വേണം സഞ്ചരിക്കാന്‍. അടിയന്തിരമായി ബോര്‍ഡ് സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റി സ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.