വി.എസ്. രതീഷ്
ആലപ്പുഴ: കോണ്‍ഗ്രസ് പാര്‍ട്ടിയും കേഡര്‍ പാര്ട്ടിയാകാനൊരുങ്ങുന്നു.കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയാണ് പാര്‍ട്ടിക്ക് വേണ്ടി കേഡര്‍ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് വാര്‍ഡുകളും അടിസ്ഥാന ഘടകമാക്കിയാകും കേഡര്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുക. സന്നദ്ധ പ്രവര്‍ത്തനത്തിന് തയാറായ അഞ്ചു വീതം ഐഎന്‍ടിയുസി പ്രവര്‍ത്തകരാകും കേഡര്‍ സംവിധാനത്തിന്റെ താഴെ തട്ടിലെ ഘടകം.
ഇവര്‍ക്ക് ആദ്യ ഘട്ടത്തില്‍ സംഘടനയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തും. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിപിന്നീടിവര്ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നള്‍കും. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം കേഡര്‍മാരെ പ്രവര്ത്തനസജ്ജരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് പറഞ്ഞു .നിലവില്‍ കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കാണ് ശക്തമായ കേഡര്‍ സംവിധാനമുള്ളത്. പതിറ്റാണ്ടുകളായി സി പി എമ്മാണ് സംസ്ഥാനത്തെ വലിയ കേഡര്‍ രാഷ്ട്രീയ പ്രസ്ഥാനം.
ആര്.എസ്.എസ്.കേഡര്‍ പ്രസ്ഥാനമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല. ചില മുസ്ലീം സംഘടനകളും സമീപകാലത്ത് കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും സമരപരിപാടികള്‍ക്കും ഐഎന്‍ടിയുസി കേഡര്‍മാരെ ഉപയോഗപ്പെടുത്താനും ഇതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തൊഴിലാളി സംഘടനയുടെ നീക്കം.
ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ലേബര്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ഈ സംവിധാനത്തിന് കീഴില്‍ വരുന്ന പ്രവര്‍ത്തകര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളാരംഭിക്കുന്നതിനായി സാമ്പത്തിക സഹായം ലഭ്യമാക്കാനും സംഘടന ലക്ഷ്യമിടുന്നുണ്ട്.