കോര്‍പറേഷനിലെ 107 നായ്ക്കളെ വന്ധ്യംകരണം നടത്തിയെന്ന് മേയര്‍

pkd-dogതൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പരിപാടി ആരംഭിച്ചതായി മേയര്‍ അജിത ജയരാജന്‍ പറഞ്ഞു. ഇന്നലെ വരെ 135 തെരുവുനായ്ക്കളെ പിടികൂടിയതില്‍ 107 നായ്ക്കളെ വന്ധ്യംകരണം നടത്തി.    ഇതില്‍ 76 നായ്ക്കളെ വന്ധ്യംകരണത്തിനുശേഷം പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുകയും ചെയ്തു. വന്ധ്യംകരിച്ചതിനുശേഷം മൂന്നു ദിവസം പറവട്ടാനിയിലെ എബിസി സെന്ററില്‍ പരിചരിച്ചതിനുശേഷമാണ് വീണ്ടും തെരുവിലേക്കു വിടുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ വി എന്നു അടയാളമിടുന്നുണ്ട്.

കോര്‍പറേഷന്‍ പരിധിയിലുള്ള എല്ലാ തെരുവുനായ്ക്കളെയും വന്ധ്യംകരണം നടത്തുന്നതുവരെ എബിസി പ്രോഗ്രാം തുടരും. കോര്‍പറേഷനില്‍ നിലവില്‍ നാലായിരത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്കെടുപ്പില്‍ വ്യക്തമായതെന്നും മേയര്‍ പറഞ്ഞു. കോര്‍പറേഷന്റെ രണ്ടു വെറ്ററിനറി ഡോക്ടര്‍മാര്‍, വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്ക് ഡിപ്പാര്‍ട്ടുമെന്റിലെ ഡോക്ടര്‍മാര്‍, മൃഗാശുപത്രിയിലെ ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വന്ധ്യംകരണം നടത്തുന്നത്. രണ്ടു വീതം നായ്ക്കളെ ഇടാവുന്ന 32 കൂടുകളാണുള്ളത്.

കൂടാതെ തെരുവുനായ്ക്കളുടെ വര്‍ധന ഫലപ്രദമായി തടയുന്നതിനു മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതു തടയുന്നതിനാവശ്യമായ ബോധവത്കരണം നടത്തും. മാലിന്യം ലാലൂരിലേക്കു കൊണ്ടുപോകാതെ ഉറവിടത്തില്‍തന്നെ സംസ്കരണം നടത്താനുള്ള പരിപാടികളാണ് വിഭാവനം ചെയ്യുന്നതെന്ന് ഡപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളിലുള്ളതുപോലുള്ള മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും ഡപ്യൂട്ടി മേയര്‍ പറഞ്ഞു.

Related posts