കോല്‍ക്കത്തയും ബാംഗളൂരും പ്ലേ ഓഫില്‍

യൂസഫ് പഠാന്റെ മികവില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും വിരാട് കോഹ്്‌ലിയുടെ മികവില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഐപിഎല്‍ പ്ലേ ഓഫ് യോഗ്യത നേടി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കോല്‍ക്കത്ത, സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെയും ബാംഗളൂര്‍, ഡല്‍ഹിയെയും പരാജയപ്പെടുത്തി. ഡല്‍ഹിയും മുംബൈയും പുറത്തായി. ഗുജറാത്ത് ലയണ്‍സും ഹൈദരാബാദും നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

വീണ്ടും കോഹ്‌ലി

മികച്ച ഫോമില്‍ തുടരുന്ന വിരാട് കോഹ്്‌ലിയുടെ മികവിലാണ് ബാംഗളൂര്‍ പ്ലേ ഓഫ് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗളൂര്‍ 18.1 ഓവറില്‍നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 45 പന്തില്‍ 54 റണ്‍സാണ് കോഹ്്‌ലി നേടിയത്. കെ.എല്‍. രാഹുല്‍ 38 റണ്‍സും നേടി. നേരത്തെ 60 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ബാംഗളൂരിനു വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്നു വിക്കറ്റ് നേടി.

കപ്പിത്താനായി പഠാന്‍

കോല്‍ക്കത്ത: യൂസഫ് പഠാന്‍ വെടിക്കെട്ടില്‍ കോല്‍ക്കത്ത ഐപിഎല്‍ പ്ലേ ഓഫില്‍. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 22 റണ്‍സിനാണ് കോല്‍ക്കത്ത മറികടന്നത്. 34 പന്തില്‍ പുറത്താകാതെ 52 റണ്‍സ് അടിച്ചുകൂട്ടിയ പഠാനാണ് കളിയിലെ താരം. സ്‌കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ ആറിന് 171, ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 149.

പ്ലേ ഓഫിന് ജയം തന്നെ വേണമായിരുന്ന കോല്‍ക്കത്തയ്ക്ക് പക്ഷേ ആശിച്ച തുടക്കമല്ല കിട്ടിയത്. റോബിന്‍ ഉത്തപ്പ (25), കോളിന്‍ മുണ്‍റോ (10), ഗൗതം ഗംഭീര്‍ (16) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 57 റണ്‍സ് മാത്രം. രക്ഷകന്റെ റോള്‍ പഠാന്‍ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് പഠാന്‍ വഞ്ചി തുഴഞ്ഞതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു. പാണ്ഡെ സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് കൈമാറിയപ്പോള്‍ പത്താനായിരുന്നു സ്‌കോറിംഗിന്റെ ചുമതല. 30 പന്തില്‍ 48 റണ്‍സെടുത്ത പാണ്ഡെ പുറത്തായതോടെ റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും ഭേദപ്പെട്ട സ്‌കോറിലേക്ക് കോല്‍ക്കത്തയെത്തി.

മറുപടി ബാറ്റിംഗില്‍ കിടിലന്‍ തുടക്കമാണ് ഹൈദരാബാദിനു ലഭിച്ചത്. ഡേവിഡ് വാര്‍ണര്‍ (18) തുടക്കത്തിലേ പുറത്തായെങ്കിലും ശിഖര്‍ ധവാന്‍ അടിച്ചുമുന്നേറിയതോടെ ഹൈദരാബാദ് ജയംമണത്തു. എന്നാല്‍ 12-ാം ഓവറില്‍ ധവാന്‍ (51) വീണതോടെ കോല്‍ക്കത്തയുടെ ഭാഗ്യം തെളിഞ്ഞു. മധ്യനിര തകര്‍ന്നടിഞ്ഞതോടെ ഹൈദരാബാദ് തോല്‍വിയേറ്റുവാങ്ങി. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സുനില്‍ നരെയ്‌നാണ് കളി ആതിഥേയര്‍ക്ക് അനുകൂലമാക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

പോയിന്റ് നില
ടീം, കളി, ജയം, തോല്‍വി, സമനില, പോയിന്റ്

ഹൈദരാബാദ് 14-9-5-0-18
ഗുജറാത്ത് ലയണ്‍സ് 14-8-6-0-16
ബാംഗളൂര്‍ 14-8-6-0-16
കോല്‍ക്കത്ത 14-8-6-0-16
മുംബൈ 14-7-7-0-14
ഡല്‍ഹി 14-7-7-0-14
പൂന 14-5-9-0-10
പഞ്ചാബ് 14-4-10-0-8

ടോപ് 5 ബാറ്റ്‌സ്മാന്‍
(മത്സരം, റണ്‍സ്, ഉയര്‍ന്ന സ്‌കോര്‍)

കോഹ്‌ലി 14-919-113
വാര്‍ണര്‍ 14-568-92
ഡിവില്യേഴ്‌സ് 14-603-129*
രോഹിത് ശര്‍മ 14-489-85*
രഹാനെ 14-480-74

ടോപ് 5 ബൗളര്‍
താരം, മത്സരം, വിക്കറ്റ്, മികച്ചപ്രകടനം

ചാഹല്‍ 11-19-4/25
ഭുവനേശ്വര്‍ 14-18-4/29
മക്ക്ലനേഗന്‍ 14-17-4/21
മുസ്താഫിസുര്‍ 14-16-3/16
വാട്‌സണ്‍ 14-16-3/24
ആന്ദ്രെ റസല്‍ 12-15-4/20
മുസ്താഫിസുര്‍ 12-14-3/16
വാട്‌സണ്‍ 12-14-3/24

Related posts