എസ്. രാജേന്ദ്രകുമാര്‍
വിഴിഞ്ഞം: കൊണ്ടും കൊടുത്തും മുന്നേറുന്ന കോവളം മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളുടെ മുഖ്യ പ്രചരണായുധം കുടിവെള്ളമാണ്. പ്രവര്‍ത്തകരും നേതാക്കളും വീടുവീടാന്തിരം കയറിയിറങ്ങിയും മത-സാമൂഹ്യസംഘടനാ നേതാക്കള്‍ക്കും വാഗ്ദാനത്തിന്റെ പെരുമഴ ചൊരിഞ്ഞു കഴിഞ്ഞു. പക്ഷേ, ഭൂമിശാസ്ത്രപരമായി സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശമുള്ള മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്ര നല്കിയാലും ദാഹം തീരില്ലെന്ന് നേരത്തെ തെളിയിച്ചു. സംസ്ഥാന-പ്രാദേശിക രാഷ്ട്രീയത്തെക്കാള്‍ കോവളത്തെ ജനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയവും കുടിവെള്ളവും വികസനവും തന്നെ. ലക്ഷങ്ങളും കോടികളും മുടക്കി ചെറുതും വലതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ അങ്ങോളമിങ്ങോളമുണ്ടെങ്കിലും ജനത്തിന്റെ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമല്ലതാനും.
വിഭാവനം ചെയ്ത ചില പദ്ധതികളുടെ സഫലീകരണം ഇനിയുമായിട്ടില്ല. കാലാകാലമായുള്ള വാഗ്ദാനത്തിനു ഇക്കുറി കുറച്ചുകട്ടികൂടിയിട്ടുണ്ടെന്നു മാത്രം. പൈപ്പിലൂടെ വെള്ളമെത്തുന്നുണ്ടെങ്കിലും പലയിടത്തും കുടിക്കാന്‍ കൊള്ളില്ലെന്നാണ് ജനസംസാരം. അതുകൊണ്ട് കുടിവെള്ളം പണം കൊടുത്ത് വാങ്ങുക തന്നെ ശരണം. ഇതിനു പരിഹാരം കാണണമെങ്കില്‍ അടുത്തു വരുന്നവര്‍ ഭഗീരഥപ്രയത്നം നടത്തേണ്ടിവരും. എന്നാലും വാഗ്ദാനത്തിനു ആരും ഒരു കുറവും വരുത്താതെയുള്ള പ്രയാണം തുടരുകയാണ്. അണികളുടെ അംഗബലം വര്‍ധിപ്പിച്ച് വോട്ടുപിടിത്തം കടുപ്പിച്ച മുന്നണികള്‍ ജീവന് മരണപോരാട്ടത്തിലാണ്. മണ്ഡലം ഇളക്കി മറിച്ചുള്ള പ്രയാണത്തില്‍ പ്രവര്‍ത്തകരെ നിരത്തിയും സ്വീകരണങ്ങള്‍ കുട്ടിയും ജനസ്വാധീനം വര്‍ധിപ്പിക്കലാണ് മുന്നണികളുടെ തന്ത്രം.
പര്യടനം നടത്തുന്ന പഞ്ചായത്തുകളിലെ അണികളെ കൂട്ടിയുള്ള ബൈക്ക് റാലിയും മുദ്രാവാക്യം വിളികളുമായി മണ്ഡലം ചുറ്റുകയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. എം. വിന്‍സെന്റ്. കല്ലിയൂര്‍ പഞ്ചായത്തിലെ പാലപ്പൂരില്‍ നിന്ന് രാവിലെ എട്ടരയോടെ ആരംഭിച്ച പര്യടനത്തിനു അകമ്പടി സേവിക്കാന്‍ ഇരുന്നൂറോളം ബൈക്കുകള്‍ അണിനിരന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജില്ലയില്‍ എത്തുന്നതിനാല്‍ ഇന്നും 11നും വാഹന പര്യടനം ഉ|ാവില്ല. 13ന് കാഞ്ഞിരംകുളം പഞ്ചായത്തില്‍ പര്യടനം സമാപിക്കും.
എംഎല്‍എയും മണ്ഡലത്തില്‍ പരിചിതവുമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീല പ്രകാശത്തിന്റെ മണ്ഡലം ചുറ്റിയുള്ള പ്രയാണം നാളെ കരിംകുളത്ത് സമാപിക്കും. വിശ്രമമില്ലാത്ത പടനയിക്കലില് ജനപങ്കാളിത്തവും ആവേശവം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണവര്‍. ബാലരാമപുരം പുത്രക്കാടില് നിന്ന് രാവിലെ ആരംഭിച്ച പ്രയാണം രാത്രിയോടെ ബാലരാമപുരം പഴയകടയില്‍ സമാപിച്ചു. ആറിനു പ്രയാണം തുടങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ഥി ടി.എന്‍. സുരേഷ് പര്യടനത്തിനു ഇന്നലെ അവധി നല്കി. കല്യാണമുള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ക്കും പ്രമുഖ വ്യക്തികളെ കാണുന്നതിനും സമയം കണ്ടെത്തി. 13നു വൈകുന്നേരം കല്ലിയൂര്‍ പൂങ്കുളത്ത് സമാപിക്കും.