തൃശൂര്‍: നടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള ആദിവാസി കോളനിക്കു സമീപത്തെ ക്വാറികളുടെ പ്രവര്‍ത്തനം കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നു ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സമയബന്ധിത പരിശോധനകള്‍ നടത്തണമെന്നു കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ സീനിയര്‍ ജിയോളജിസ്റ്റിനും മലിനീകരണ നിയന്ത്രണബോര്‍ഡിനും നിര്‍ദേശം നല്‍കി. വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുന്നതായും ഭൂഗര്‍ഭജലം താഴുന്നതായും പരാതിയുണ്ട്.
പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും എസ്ടി പ്രൊമോട്ടര്‍ കെ.ആര്‍. സുരേഷ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. പഞ്ചായത്തിന്റെയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും ലൈസന്‍സോടെ നാലു ക്രഷര്‍ യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ക്രഷറില്‍നിന്നുണ്ടാകുന്ന പൊടിശല്യവും വാഹനബാഹുല്യവും ഒഴിവാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടതായി തൃശൂര്‍ സീനിയര്‍ ജിയോളജിസ്റ്റ് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
വാട്ടര്‍ സ്പ്രിംഗഌ പ്രവര്‍ത്തിപ്പിച്ച് പൊടിശല്യം കുറയ്ക്കണമെന്നും സ്ഥാപനങ്ങള്‍ക്കു ചുറ്റും വൃക്ഷങ്ങള്‍ നട്ട് ഗ്രീന്‍ബെല്‍റ്റ് നിര്‍മിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. ക്വാറികള്‍ ജനജീവിതത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നടത്തറ പഞ്ചായത്തിലെ ഞാറക്കൂറ, അച്ചന്‍കുന്ന്, മത്തായിച്ചിറ ആദിവാസി കോളനികള്‍ക്ക് സമീപമാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്.