ഗര്‍ഭധാരണം, പ്രസവം എന്നിവ സാധാരണ പ്രക്രിയയാണെങ്കിലും നിര്‍ഭാഗ്യവതികളായ ചില സ്ത്രീകള്‍ക്ക് അതൊരു പരീക്ഷണഘട്ടമായി മാറുന്നുണ്ട്. അമ്മയ്ക്ക് ഗര്‍ഭകാലത്തിന് മുന്‍പുള്ള രോഗങ്ങള്‍, ഗര്‍ഭധാരണത്തിന് ശേഷമുണ്ടാകാവുന്ന രോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന്റെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ സാധാരണയില്‍ നിന്നു ഗര്‍ഭാവസ്ഥയെ സങ്കീര്‍ണ്ണമായിത്തീര്‍ക്കാറുണ്ട്. അതിനൊരുദാഹരണമാണ് “ഗര്‍ഭകാല പ്രമേഹം’ അഥവാ “ജസ്റ്റേഷണല്‍ ഡയബറ്റീസ്’ (Gestational diabetes) എന്നത്.
ഏതാണ്ട് 20% കേരളീയരില്‍ പ്രമേഹം കാണുന്നു എന്നതാണ് ഏറ്റവും അടുത്ത കാലത്തുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. “ഗര്‍ഭകാല പ്രമേഹവും’ ഇതേ തോതില്‍ കൂടി വരികയാണ് എന്നതാണ് വളരെ ആശങ്കാ ജനകമായ വസ്തുത.
രോഗസാധ്യതയുള്ളവര്‍
ഗര്‍ഭകാല പ്രമേഹം വരാന്‍ സാദ്ധ്യതയുള്ളവര്‍ ആരൊക്കെയാകാമെന്ന് നമുക്ക് ഒരു പരിധി വരെ മുന്‍കൂട്ടി അനുമാനിക്കാവുന്നതാണ്. കുടുംബത്തില്‍ രക്തബന്ധമുള്ളവര്‍ക്ക് പ്രമേഹരോഗമുള്ളവര്‍, പ്രായം 30 വയസ്സിനു മുകളിലുള്ളവര്‍, “പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്’ Polycystic Ovarian disease) എന്ന രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭകാല പ്രമേഹം വന്നിട്ടുള്ളവര്‍, കഴിഞ്ഞ പ്രസവങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അകാരണമായ മരണമോ, അമിതഭാരമുള്ള കുഞ്ഞിന്റെ ജനനമോ ഉണ്ടായിട്ടുള്ളവര്‍ എന്നിവരിലാണ് ഗര്‍ഭകാല പ്രമേഹം അധികമായി കാണാന്‍ സാദ്ധ്യതയുള്ളത്. മേല്‍പ്പറഞ്ഞ സ്ത്രീകള്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ മാസം തൊട്ട് നിശ്ചിത കാലയളവില്‍ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കേണ്ടതാണ്. മൂത്ര പരിശോധന, കഴിഞ്ഞ മൂന്നു മാസങ്ങളിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിലവാരമറിയാനുള്ള പരിശോധന, “ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്’ (Oral Glucose Tolerance Test) അഥവാ OGTT) എന്നിവയാണ് നിശ്ചയമായും ചെയ്തിരിക്കേണ്ട പരിശോധനകള്‍.
ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ അമിതമായ രക്തസമ്മര്‍ദവും (Hypertension) അതുമായി ബന്ധപ്പെട്ട പ്രീ എക്ലാംപ്‌സിയ (Pre eclampsia) എന്ന രോഗാവസ്ഥയും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും ഗുരുതരാവസ്ഥയിലെത്താനും ഇടയാക്കാവുന്ന ഒന്നാണ് പ്രീ എക്ലാംപ്‌സിയ. മൂത്രത്തിലെ അണുബാധ, മാസം തികയാതെയുള്ള പ്രസവം ഇവയെല്ലാം ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ കാണാം.
ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാം
ഗര്‍ഭകാലപ്രമേഹം കൊണ്ട് ഗര്‍ഭസ്ഥശിശുവിന് ഉണ്ടാകാനിടയുള്ള ദൂഷ്യഫലങ്ങളും വളരെ ഗുരുതരമാകാം. മറുപിള്ളയുടെ അപര്യാപ്തത (placental insufficiency) മൂലം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ക്കുറവോ ചിലപ്പോള്‍ മരണം (intrauterine growth retardation or intrauterine death)വരെയോ സംഭവിക്കാം. അമ്മയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണാതീതമാവുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് അമിതഭാരം (macrosomia) ഉണ്ടാകാനും സാദ്ധ്യതയേറും. അമിതഭാരമുള്ള ഗര്‍ഭസ്ഥശിശുവിന്റെ ജനനസമയത്ത് കുഞ്ഞിന്റെ തോളുകള്‍ തടയുക മൂലം (shoulder dystour)കുഞ്ഞിന്റെ തോളെല്ല് പൊട്ടുകയോ (clavick fracture) കൈയിലേക്കുള്ള ഞരമ്പിന് കേടുണ്ടാവുക മൂലം ഏബ്‌സ് പാല്‍സി (Erb’s palsy) എന്ന അവസ്ഥ വരികയോ ചെയ്യാം.
മാസം തികയാതെയുള്ള പ്രസവവും അതുമൂലം കുഞ്ഞിന്റെ ശ്വാസകോശം പൂര്‍ണവളര്‍ച്ചയെത്താത്തതിന്റെ പ്രശ്‌നങ്ങളും (Respiratory distress syndrome) സംഭവിക്കാന്‍ അധികസാദ്ധ്യതയുണ്ട്. അപ്രകാരമുള്ള കുഞ്ഞുങ്ങള്‍ക്ക് നവജാതശിശുക്കളുടെ തീവ്രപരിചരണം ആവശ്യമാവുകയും ചെയ്യാനിടയുണ്ട്. അമ്മയുടെ രക്തത്തിലുള്ള അമിതമായ ഗ്ലൂക്കോസ് മറുപിള്ളയിലൂടെ ഗര്‍ഭസ്ഥശിശുവിലെത്തുന്നതിനാല്‍ ജനിച്ചയുടനെ ഈ കുഞ്ഞുങ്ങളില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അധികോല്‍പാദനമുണ്ടാകാനും അതുമൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കുറഞ്ഞു പോകാനുമുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലപ്രമേഹം വന്നിട്ടുള്ള സ്ത്രീകള്‍ക്ക് ഭാവിയില്‍ പ്രമേഹമുണ്ടാകാനുള്ള സാദ്ധ്യത ഉള്ളതു പോലെ തന്നെയാണ് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും എന്നത് അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. അപ്രകാരമുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പ്രമേഹത്തോടൊപ്പം അമിതവണ്ണം (Obesity) ഉണ്ടാകാനുള്ള സാദ്ധ്യതയും വളരെക്കൂടുതലാണ്.
ചികിത്സാരീതി
ഗര്‍ഭകാല പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പിന്നീടങ്ങോട്ടുള്ള ചികിത്സയില്‍ ഒരു എന്‍ഡോ ക്രൈനോളജി വിദഗ്ധന്റെയും ന്യൂട്രീഷനിസ്റ്റിന്റെയും പങ്ക് അനിവാര്യമാണ്. OGTT എന്ന പരിശോധനയിലൂടെയും ആവശ്യാനുസരണം ഭക്ഷണത്തിനു മുന്‍പും പിന്‍പുമുള്ള (FBS/PPBS) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കിയതിനു ശേഷം ആഹാരനിയന്ത്രണം മാത്രം മതിയോ അതോ മരുന്നുകള്‍ വേണോ എന്നത് തീരുമാനിക്കുകയാണ് പതിവ്. കൃത്യമായ വ്യായാമവും ഇതോടൊപ്പം നിര്‍ബന്ധമാക്കേണ്ടതാണ്. പ്രമേഹത്തിന്റെ കാഠിന്യമനുസരിച്ച് മെറ്റ്‌ഫോമിന്‍ ഗുളിക, ഇന്‍സുലിന്‍ കുത്തിവയ്പ് എന്നിവയാണ് ഇവരുടെ ചികിത്സയ്ക്കായി സാധാരണ നല്‍കാറുള്ളത്. അതോടൊപ്പം ഇവരെ സ്വന്തമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള “ഹോം ഷുഗര്‍ മോണിട്ടറിംഗ്’ (Home sugar monitoring) ചെയ്യാനും പഠിപ്പിക്കേണ്ടതാണ്.
ഗര്‍ഭിണികള്‍ക്ക് ഭക്ഷണകാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ധാരാളമുണ്ടാവും. ഗര്‍ഭകാല പ്രമേഹമുള്ളവര്‍ക്ക് ആഹാരനിയന്ത്രണം അനിവാര്യ മായതിനാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും അനുവദനീയമായ ആഹാരമെന്തൊക്കെയാണെന്ന് പറഞ്ഞു കൊടുക്കാനും ഒരു ന്യൂട്രീഷനിസ്റ്റിന്റെ സഹായം കൂടിയേ തീരു. ഗര്‍ഭിണികളോടൊപ്പം അവരുടെ ഭര്‍ത്താവിനും അമ്മയ്ക്കുമൊക്കെ ഇതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്. കാരണം മധുരപലഹാരങ്ങളുമായി വരുന്ന സന്ദര്‍ശകരെ നിയന്ത്രിക്കണം.
ഗര്‍ഭകാല പ്രമേഹം നിയന്ത്രിക്കാം
ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കുറവോ കൂടുതലോ ഉണ്ടാകുന്നുണ്ടോ എന്നറിയാനായി 28 ആഴ്ചതൊട്ട് ഓരോ മാസവും അള്‍ട്രാ സൗണ്ട് സ്കാനിങ് ചെയ്യേണ്ടതാണ്. അതിനനുസൃതമായി വേണം കരുതലോടെ മുന്നോട്ടു പോകേണ്ടത്. ആഹാരനിയന്ത്രണത്തിലൂടെ മാത്രം ഗര്‍ഭകാല പ്രമേഹം നിയന്ത്രണത്തിലാക്കുന്നവര്‍ക്ക് 40 ആഴ്ചവരെ പ്രസവത്തിനായി സമയം കൊടു ക്കാവുന്നതാണ്. എന്നാല്‍ മരുന്നു കൊണ്ടുള്ള ചികിത്സ തുടങ്ങിക്കഴിഞ്ഞവരെ 38 ആഴ്ചയോടെ പ്രസവിപ്പിക്കേണ്ടേതാണ്. ഇപ്രകാരം നേരത്തേ പ്രസവം വേണമെന്നുള്ളവര്‍ക്ക് അവരുടെ ഗര്‍ഭസ്ഥശിശുവിന്റെ ശ്വാസകോശങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചയ്ക്കായി സ്റ്റിറോയിഡ് കുത്തിവയ്പ് നല്‍കേണ്ടിവരാം.
37 ആഴ്ചയില്‍ ആശുപത്രിയില്‍ കിടത്തി അമ്മയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോക്കിക്കൊണ്ട് വേണം 24 മണിക്കൂര്‍ ഇടവേളയില്‍ രണ്ടു സ്റ്റിറോയിഡ് കുത്തി വയ്പുകള്‍ നല്‍കേണ്ടത്. കാരണം സ്റ്റിറോയിഡ് മരുന്ന് രക്തത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുള്ളതാണ്. പ്രമേഹം വന്നവരെ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യണമെന്ന് ചിലര്‍ക്കൊക്കെ ഒരു ധാരണയുണ്ട്. മരുന്നുകള്‍ കൊടുത്തും മറ്റ് ഉപാധികളിലൂടെയും പ്രസവവേദന ഉണ്ടാക്കി സാധാരണ പ്രസവം സാദ്ധ്യമാക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രമേ സിസേറിയന്‍ ശസ്ത്രക്രിയയുടെ ആവശ്യം വേണ്ടി വരികയുള്ളൂ. അതേ പോലെ അള്‍ട്രാ സൗണ്ട് സ്കാ നിങ്ങിലൂടെ ഗര്‍ഭസ്ഥശിശുവിന് അമിത വളര്‍ച്ച യുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍, അവര്‍ക്ക് സാധാരണ പ്രസവം അസാദ്ധ്യമാണെന്ന് പരിശോധനയിലൂടെ തോന്നുകയും ചെയ്താല്‍ പിന്നീടവരെ സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ടതാണ്.
ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ആഹാരനിയന്ത്രണം പാലിച്ചും ഈ രോഗത്തെ അകറ്റി നിര്‍ത്താം. ഗര്‍ഭകാല പ്രമേഹം വന്നവര്‍ക്ക് ഭാവിയില്‍ പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ അവരും അതിനെ തടയാനുള്ള ഉപാധികള്‍ ചെയ്യേണ്ടത് അനിവാര്യമാണ്.
സുനില്‍
കടപ്പാട്: ഡോ. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് ആന്‍ഡ് ഹെഡ്, ആസ്റ്റര്‍ വുമന്‍സ് ഹെല്‍ത്ത് , ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി.