മുക്കം: സമയം ഉച്ചയ്ക്ക് രണ്ടു മണി… പതിവില്‍ നിന്നും വ്യത്യസതമായി കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രായം ചെന്നവരും ചെറുപ്പക്കാരും ഉള്‍പ്പെടെ നിരവധി പേര് ഒത്തുകൂടിയിരിക്കുന്നു. വരുന്നവര്‍ക്കെല്ലാം സ്കൂള്‍ മുറ്റത്തെ തട്ടുകടയില്‍നിന്ന് ചായയും കായപ്പവും ജിലേബിയും ഉപ്പിലിട്ടതും നല്കാന് സ്കൗട്ട് ആന്‍ഡ് ഗൈഡ്സും സ്റ്റുഡന്‍സ് പോലീസ് കേഡറ്റും മത്സരിക്കുന്നു. അതിനിടയിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ഒരു പറ്റം പഴയ അധ്യാപകര്‍ കടന്നുവരുന്നു. ചുറ്റും കൂടിനിന്നവരും ഇരിക്കുന്നവരും അവരെ സ്നേഹപൂര്‍വം കൈകൂപ്പി ബഹുമാനിച്ച് വേദിയിലേക്ക് ആനയിച്ചു.
കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമമാണ് ഇങ്ങനെ വേറിട്ട കാഴ്ചയായത്. തലമുറകളുടെ ഓര്‍മകളുറങ്ങുന്ന ഇടനാഴികളിലേക്ക് അവര്‍ വീണ്ടും എത്തിയപ്പോള്‍ അത് പഴയ അധ്യാപകര്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും പുതിയ അനുഭവമായി മാറി. ഗ്രാമീണ നന്മകള്കൊണ്ടും ആതിഥേയ വിശാലതകൊണ്ടും അനുവാചകരുടെ മനസ് കീഴടക്കുന്ന കൊടിയത്തൂരിന്റെ “തടായി’ലേക്ക് ഒരിക്കല്‍ വിദ്യയുടെ നാമ്പുകള്‍ നുകരാനെത്തിയവരും പകര്ന്നുനല്കാനെത്തിയവരും ആ ധന്യമായ ഓര്‍മകളില്‍ വീണ്ടും ഒത്തുചേരുകയായിരുന്നു.
പഴയ സ്കൂള്‍ കെട്ടിടങ്ങളും മണ്ണിട്ട റോഡുമൊന്നും ഇപ്പോഴില്ലെങ്കിലും ഒരുമിച്ചിരുന്ന് പഠിച്ച വിദ്യാലയത്തിന്റെ സുകൃതലയമായ അനുഭവങ്ങള്‍ പങ്കിടുവാനും കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ പഴയ സൗഹൃദങ്ങളെ കണ്ടുമുട്ടാനുമുള്ള അവസരത്തെ ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. 1982 മുതല്‍ 2016 വരേയുള്ള 35 ഓളം ബാച്ചുകളില്‍ പഠിച്ചിറങ്ങിയവരാണ് സംഗമത്തില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആറുമണിവരെ നടന്ന സംഗമത്തില്‍ പഴയ അധ്യാപകരെ ആദരിക്കല്‍, വിവിധങ്ങളായ സാംസ്കാരിക പരിപാടികള്‍, ബാച്ച് ക്രമത്തിലുള്ള ഒത്തുകൂടല്‍ തുടങ്ങിയ വ്യത്യസ്തമായ അനവധി പരിപാടികള്‍ നടന്നു.
നിരവധി എന്‍ജിനീയര്‍മാരേയും ഡോക്ടര്‍മാരേയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരേയും വളര്‍ത്തിയെടുത്ത സ്കുളിന്റെ പഴയകാല ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന അവസാനത്തെ ചുമരും ഈ ഓണത്തോടെ പൊളിക്കും എന്നതിനാലും ഈ സംഗമം വേറിട്ടുനിന്നു. പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഫോസ (പിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്) യുടെ നേതൃത്വത്തിലാണ് സംഗമം സംഘടിപ്പിച്ചത് . ചടങ്ങില്‍ എം.എ. മെഹബൂബ് അധ്യക്ഷത വഹിച്ചു. നൗഫല്‍ കട്ടയാട്ട് മുഖ്യപ്രഭാഷണം നടത്തി. എം.എ. അബ്ദുല്‍ അസീസ്, ആരിഫ്, സി.പി. അബ്ദുല്‍ അസീസ്, പി.ജെ. കുര്യന്, പി.ടി. ഇസ്മയില്‍ എന്നിവര്‍ പ്രസംഗിച്ചു.