ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം വ്യാഴാഴ്ച

tcr-vishuഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം വ്യാഴാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ്. മേല്‍ശാന്തി പള്ളിശീരി ഹരീഷ് നമ്പൂതിരി പുലര്‍ച്ചെ രണ്ടിനു മുറിയില്‍ കണി കണ്ടതിനുശേഷം തീര്‍ഥക്കുളത്തില്‍ കുളിച്ചെത്തി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും തുടര്‍ന്ന് 2.30 മുതല്‍ 3.30 വരെയാണു ഭക്തര്‍ക്കു വിഷുക്കണി ദര്‍ശനം. ബുധനാഴ്ച രാത്രി അത്താഴപ്പൂജക്കുശേഷം കീഴ്ശാന്തി നമ്പൂതിരിമാര്‍ ചേര്‍ന്നു ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കും.

ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം, വാല്‍കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണു കണിക്കോപ്പുകള്‍. പുലര്‍ച്ചെ 2.15ന് മുഖമണ്ഡപത്തിലെ വിളക്കുകള്‍ തെളിയിക്കും. നാളികേരമുറിയില്‍ നെയ്‌വിളക്ക് തെളിയിച്ച ശേഷം മേല്‍ശാന്തി ഗുരവായൂരപ്പനെ കണികാണിക്കും.

തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം, വെഞ്ചാമരം എന്നിവ കൊണ്ട് അലങ്കരിച്ചുവയ്ക്കും. സിംഹാസനത്തിനു താഴെയായി ഓട്ടുരുളിയില്‍ ഒരുക്കിയ കണിക്കോപ്പുകളും വയ്ക്കും. തുടര്‍ന്നാണു ഭക്തര്‍ക്കു കണി ദര്‍ശനം. വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക.

Related posts