കൊല്ലം :പാചക വാതകം ലഭിക്കുന്നതിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍ ആവശ്യപ്പെട്ടു.ഓണക്കാലത്തിന് മുന്നോടിയായി പാചകവാതക വിതരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വിതരണ ഏജന്‍സികളുടെയും എണ്ണ കമ്പനി പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജ് ഇനത്തില്‍ നിയമാനുസൃതമായ തുക മാത്രമേ ഉപഭോക്താവില്‍ നിന്നും ഈടാക്കാവൂ. അവ ബില്ലില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല, ബുക്കിംഗ് സീനിയോറിറ്റി മറികടന്ന് ഗ്യാസ് വിതരണം നടത്തുന്നു തുടങ്ങിയ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നിരന്തര പരിശോധനയിലൂടെ പരിഹരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിക്കുവാന്‍ ഏജന്‍സി ഉടമകള്‍ ബാധ്യസ്ഥരാണ്.
ഡെലിവറി നടത്തുന്ന ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏജന്‍സി ഉടമകള്‍ പരിശോധന നടത്തുകയും ഉപഭോക്താവിന് സിലിണ്ടര്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. സബ്സിഡി വേണ്ടെന്ന് അറിയാതെ ഓപ്ഷന് നല്‍കിയവര്‍ക്ക് സബ്സിഡി പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ എണ്ണ കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്കി.