പത്തനംതിട്ട: കോഴിക്കോടന്‍ ചക്ക ഹല്‍വ, പാലക്കാട് കല്‍പ്പാത്തിയിലെ അയ്യര്‍ സ്‌പെഷല്‍ ചക്ക പപ്പടം, ചക്ക ചോക്ക്‌ലറ്റുകള്‍, പത്ത്കൂട്ടം വിഭവങ്ങളൊരുക്കി ചക്ക ഊണ്, എല്ലാ സീസണിലും കായ്ക്കുന്ന ചക്കകള്‍ വിളയുന്ന ഓള്‍ സീസണ്‍ പ്ലാവിന്‍ തൈകള്‍ തുടങ്ങിയ പുതുമ നിറഞ്ഞ ചക്ക കാഴ്ചകളും അറിവും അനുഭവവും പകരുന്ന ചക്ക മഹോത്സവത്തിനു തിരക്കേറുന്നു. പത്തനംതിട്ട മുനിസിപ്പല്‍ ഗ്രൗണ്ടിലാണ് മേള.
13 വ്യത്യസ്ത രുചികള്‍ നിറയുന്ന കോഴിക്കോടന്‍ ചക്ക ഹല്‍വകളാണ് വിപണനത്തിനുള്ളത്. 300 രൂപയാണ് ഒരു കിലോ ഹല്‍വയ്ക്ക്. 100 രൂപയ്ക്ക് 150 ഗ്രാം ചക്ക ചമ്മന്തിപ്പൊടി, 60 രൂപയ്ക്ക് അരക്കി ലോ ചക്കക്കുരു പുട്ടുപൊടി, 100 രൂപയ്ക്ക് അരകിലോ ചക്ക അവിലേസുപൊടി, 200 രൂപയ്ക്ക് അരകിലോ ചക്ക ഉപ്പുമാവ് മിക്‌സ്, 220 രൂപയ്ക്ക് അരകിലോ ബിരിയാണി മിക്‌സ്, 50 രൂപയ്ക്ക് 200 ഗ്രാം ചക്കക്കുരു ഉണക്കിയത്, 120 രൂപയ്ക്ക് 500 മില്ലി ചക്ക സ്വാഷ്, 60 രൂപയ്ക്ക് 400 ഗ്രാം ചക്ക ചപ്പാത്തിപ്പൊടി, 150 രൂപയ്ക്ക് അരകിലോ ചക്ക അച്ചാര്‍ എന്നിങ്ങനെ പോകുന്നു മേളയിലെ വിഭവങ്ങള്‍.
പ്രമേഹരോഗികള്‍ക്ക് രോഗശമനത്തിനായി പ്രത്യേകം തയാറാക്കിയ ചക്കപ്പൊടി, ചക്കരൂചി നിറയുന്ന മൂന്നിനം ചോക്ക്‌ലെറ്റുകള്‍, ചക്ക ഉണ്ണിയപ്പം, ചക്ക കേക്കുകള്‍, ചക്ക ഐസ്ക്രീം, ചക്ക പായസം എന്നിവ സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമാണ്. ചക്കഊണാണ് ഏറ്റവും രൂചികരം. ചോറിനൊപ്പം ചക്ക സാമ്പാര്‍, പുളിശേരി, എളിശേരി എന്നീ കറികള്‍, ചക്ക ഉപയോഗിച്ചുള്ള പച്ചടി, അവിയല്‍, അച്ചാര്‍, ഉപ്പേരി, ചക്കക്കുരു തോര ന്‍, മെഴുക്കുവരട്ടി, ചവണി തോരന്‍ തുടങ്ങിയ തൊടുകറികള്‍. വരിക്കചക്ക പ്രഥമന്‍, കൂഴചക്ക പായസം എന്നീ മധരുരവും നിറയുന്ന ചക്ക ഊണിന് 100 രൂപയാണ്.
ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നുവരെയാണ് ചക്ക ഊണ്. വൈകുന്നേരങ്ങളില്‍ ചക്കകഞ്ഞി, പുഴുക്കും മീന്‍കറിയും ചക്ക ബജി, വട, മസാലദോശ തുടങ്ങിയ വിഭവങ്ങളും ഫുഡ്‌കോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ചക്ക ഊണിന്റെ രുചി അറിയാന്‍ നിരവധിപേരാണ് വന്നു പോകുന്നത്.
മണ്ണാശേരില്‍ അഗ്രികള്‍ച്ചറല്‍ ഫാം ഒരുക്കുന്ന പതിനഞ്ചോളം വ്യത്യസ്ത ഇനത്തില്‍പ്പെട്ട പ്ലാവിന്‍തൈകള്‍ വാങ്ങാനും ആളേറെയാണ്. ചവണി ഇല്ലാത്ത ചെമ്പടക്ക്, അരക്കില്ലാത്ത ഗാംലെസ്, ചുവന്ന ചുളകളുമായി ഡങ് സൂര്യ, കുരുവില്ലാത്ത സീഡ്‌ലെസ്, തേന്‍വരിക്ക, ചെമ്പരത്തി വരിക്ക, മുട്ടം വരിക്ക തുടങ്ങിയ വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട പ്ലാവിന്‍തൈകളുടെ വിപണനം ജില്ലയില്‍ ആദ്യമായാണെന്ന് സംഘാടകര്‍ പറയുന്നു.
200 രൂപ മുതലാണ് പ്ലാവിന്‍തൈകളുടെ വില. ചക്ക അറിവുകള്‍ നിറഞ്ഞ ചിത്രങ്ങള്‍, ചക്കകളുടെ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ജാക്ഫ്രൂട്ട് പ്രമോഷന്‍ കണ്‍സോര്‍ഷ്യം സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ), ഇപാക് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചക്കമഹോത്സവം 28ന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം.