ചരിത്രം പുനര്‍ജനിക്കട്ടെ!

sp-englandഎം.ജി. ലിജോ
ക്രിക്കറ്റിനോളം ചരിത്രവും പാരമ്പര്യവും വൈരവും സമംചേര്‍ത്ത രണ്ടു ടീമുകള്‍. ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഫൈനല്‍ പരമ്പരാഗതശക്തികളുടെ അഭിമാനപോരാട്ടം കൂടിയാണ്. ക്രിക്കറ്റ് പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇംഗ്ലണ്ടുകാര്‍. വിന്‍ഡീസിനാകട്ടെ, വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തിനെതിരായ പോരാട്ടങ്ങളിലൂടെ മികവ് തെളിയിച്ചവരും.

ഭിന്നിച്ചു കിടന്ന കരീബിയന്‍ രാജ്യങ്ങളെ വെസ്റ്റ് ഇന്‍ഡീസ് എന്ന സാങ്കല്പിക രാഷ്ട്രത്തിന്റെ കീഴില്‍ അണിനിരക്കാന്‍ പ്രേരിപ്പിച്ചത് വെള്ളക്കാരുടെ അയിത്ത മനോഭാവമാണ്. കരീബിയന്‍ ദ്വീപുകളില്‍ വര്‍ഷത്തിലൊരിക്കലെത്തുന്ന ഇംഗ്ലീഷ് നാവികര്‍ക്ക് തോല്പിക്കാനൊരു ടീം മാത്രമായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. കരിമ്പിന്‍തോട്ടങ്ങളിലെ കറുത്തവരായ ജോലിക്കാരായിരുന്നു കളിക്കാര്‍. വെസ്റ്റ് ഇന്‍ഡീസ് എന്ന ടീമിന്റെ തുടക്കവും ഇവിടെനിന്നാണ്. ക്ലൈവ് ലോയ്ഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, കോട്‌നി വാല്‍ഷ് തുടങ്ങി പ്രതാപകാലത്തെ കരീബിയന്‍ യുവത്വം കളിയെ നെഞ്ചോടുചേര്‍ത്തു. ഇംഗ്ലണ്ട് അവര്‍ക്ക് വെറും എതിരാളികള്‍ മാത്രമായിരുന്നില്ല. വെള്ളക്കാര്‍ക്കെതിരായ ജയങ്ങള്‍ കരീബിയന്‍ ജനത ആഘോഷിച്ചു, മതിയാവോളം. ബിയറും സംഗീതവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ കരീബിയക്കാര്‍ നാളെ അതിരാവിലെ (കരീബിയന്‍ സമയം രാവിലെ 9.30) ടിവിക്കു മുന്നില്‍ സ്ഥാനം പിടിക്കും. പ്രിയ ടീം ഒരിക്കല്‍കൂടി വിശ്വകിരീടത്തില്‍ മുത്തമിടുന്നതിന് സാക്ഷിയാകാന്‍.

കളിക്കളത്തില്‍ വിരുദ്ധ ധ്രുവങ്ങളിലാണ് ഇരുടീമിന്റെയും സ്ഥാനം. ടെസ്റ്റ് ക്രിക്കറ്റിനെ പുണര്‍ന്നു നില്ക്കുന്നതാണ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ പൊതുസ്വഭാവം. തങ്ങളുടെ രാഷ്ട്രീയവും പാരമ്പര്യവും കളിക്കളത്തിലേക്കു പറിച്ചുനടാനുള്ള മാര്‍ഗമായിരുന്നു ഇംഗ്ലണ്ടുകാര്‍ക്ക് ഈ കളി. ക്രിക്കറ്റില്‍ വന്ന രൂപമാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ ഇംഗ്ലീഷുകാര്‍ മടി കാണിച്ചു. ലോര്‍ഡ്‌സിലെ തടിയില്‍ തീര്‍ത്ത പഴയ കസേരയില്‍ ബിയറും നുണഞ്ഞിരിക്കുന്നതിനപ്പുറത്തേക്ക് ആരാധകരും വളര്‍ന്നിരുന്നില്ല. ആഷസിലെ നേട്ടങ്ങളെ മാത്രമേ ഗൗരവമായി കണ്ടുള്ളൂ. 20 ഓവറിലേക്കു കളി ശോഷിക്കാന്‍ ഇടയാക്കിയത് കൗണ്ടി ക്രിക്കറ്റാണെങ്കിലും ട്വന്റി-20യില്‍ ഇപ്പോഴും കാര്യമായ മേല്‍വിലാസം അവര്‍ക്കില്ലെന്നതാണ് യാഥാര്‍ഥ്യം. 2010ല്‍ പോള്‍ കോളിംഗ്‌വുഡിന്റെ ടീം ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് കിരീടം ഉയര്‍ത്തിയെങ്കിലും.

ഇയേണ്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ട്വന്റി-20യിലേക്ക് ഇംഗ്ലീഷ് ഗിയര്‍ മാറ്റുന്നത് അടുത്തിടെ മാത്രമാണ്. ജേസണ്‍ റോയിയും ജോസ് ബട്‌ലറുമൊക്കെയാണ് മോര്‍ഗന്റെ പടയാളികള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയാണ് ഇംഗ്ലീഷ് ടീം ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ പരിശീലനമത്സരത്തിലുള്‍പ്പെടെ തോറ്റ ടീമിനെ ആരും ഗൗനിച്ചില്ല (ഇന്ത്യ മാത്രമായിരുന്നു എല്ലാവരുടെയും ചര്‍ച്ചാവിഷയം). ആദ്യകളിയില്‍ മികച്ച സ്‌കോര്‍ നേടിയിട്ടും ഗെയ്‌ലിന്റെ മുന്നില്‍ തോറ്റതോടെ ഈ ടീമിന്റെ കഥ കഴിഞ്ഞെന്നു വരെ വിമര്‍ശനമുയര്‍ന്നു. മടക്കടിക്കറ്റ് തയാറാക്കിക്കോളൂ എന്ന് കളിയാക്കിയവരെ മോര്‍ഗനും കൂട്ടരും വിസ്മയിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

ലോകകപ്പിനുശേഷം ടീമിലെ സ്ഥാനം തന്നെ തുലാസിലായിരുന്ന ജേസണ്‍ റോയിയാണ് അവരുടെ സ്റ്റാര്‍ പെര്‍ഫോമറെന്നതാണ് ഏറെ രസകരം. ടീമിലെ ഏക ടി-20 സ്‌പെഷലിസ്റ്റെന്ന് റോയിയെ വിശേഷിപ്പിച്ചാലും തെറ്റില്ല. അവസാന ഓവറുകളിലെ ബൗളിംഗാണ് ടീമിനെ വ്യത്യസ്തരാക്കുന്നത്. തുടര്‍ച്ചയായി യോര്‍ക്കറുകളെറിഞ്ഞ് എതിരാളികളെ ചലിക്കാന്‍പോലും അനുവദിക്കുന്നില്ല ബൗളര്‍മാര്‍. പ്രത്യേകിച്ച്, ബെന്‍ സ്റ്റോക്‌സും ക്രിസ് ജോര്‍ദാനും. ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ് ടീം. പത്താമനായിറങ്ങുന്ന ഡേവിഡ് വില്ലി കൗണ്ടിയില്‍ നോര്‍ത്താംപ്‌ഷെയറിനായി ഓപ്പണറായി സെഞ്ചുറി നേടിയിട്ടുണ്ട്!

അവിശ്വസനീയം വിന്‍ഡീസ്!

പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിനെത്തിയത് (എത്താന്‍ നിര്‍ബന്ധിക്കപ്പെട്ടത്) കളിക്കാരും ബോര്‍ഡും തമ്മിലുള്ള പ്രശ്‌നം പതിവുപോലെ തലപൊക്കി. ലോകകപ്പില്‍നിന്നു ലഭിക്കുന്ന പങ്കാളിത്ത വരുമാനത്തിന്റെ സിംഹഭാഗം വേണമെന്ന കളിക്കാരുടെ ആവശ്യം ബോര്‍ഡ് അംഗീകരിക്കാത്തതായിരുന്നു കാരണം.

മധ്യസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്ന് കളിക്കാര്‍ അവസാനനിമിഷം പിടിവാശി ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ, കളിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന കാരണം പറഞ്ഞ് കെയ്‌റണ്‍ പൊളാര്‍ഡും സുനില്‍ നരെയ്‌നും ബുദ്ധിപൂര്‍വം ഒഴിവാകുകയും ചെയ്തു. ഡാരെന്‍ ബ്രാവോ ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ലോകകപ്പില്‍നിന്ന് ഒഴിവായി. ഇവിടംകൊണ്ടും തീര്‍ന്നില്ല; ദുബായില്‍ പരിശീലനമത്സരത്തിനിടെ ലെന്‍ഡല്‍ സിമ്മണ്‍സിനു പരിക്ക്. പകരമെത്തിയ താരങ്ങള്‍ ഇനി പറയുന്നവരാണ്- ജോണ്‍സണ്‍ ചാള്‍സ് (ഇന്ത്യക്കെതിരേ 56 റണ്‍സ്), കാര്‍ലോസ് ബ്രെത്‌വെയ്റ്റ് (ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവസാന ഓവറില്‍ സിക്‌സറടിപ്പിച്ച് കളി ജയിപ്പിച്ചു)

കുട്ടിക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞതാണെങ്കിലും ദേശീയ ജേഴ്‌സിയില്‍ ആത്മാര്‍ഥമായി കളിക്കുന്നില്ലെന്ന ആരോപണമായിരുന്നു ടീമിനെതിരേ ഉണ്ടായിരുന്നത്. എന്നാല്‍, ഈ ലോകകപ്പില്‍ വിന്‍ഡീസ് ടീമിനെ ആദ്യം മുതല്‍ നിരീക്ഷിച്ചിരുന്നവര്‍ ഒന്നിച്ചുപറയും; ഇത്ര ഐക്യത്തോടെ വിന്‍ഡീസ് ടീമിനെ അടുത്തകാലത്തു കണ്ടിട്ടില്ലെന്ന്. ക്രെഡിറ്റ് ഡാരെന്‍ സാമിക്കു നല്കാം. നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനായി (അഞ്ചു കളിയില്‍ ഒരു പന്തു പോലും എറിഞ്ഞിട്ടില്ല, നേരിട്ടത് ഒരേ ഒരു പന്തു മാത്രം) ടീമിനെ ഒരു ചരടില്‍ കോര്‍ക്കുകയായിരുന്നു ഈ ടീം മാന്‍ ചെയ്തത്.

പൊതുവേ അലസന്മാരായ ക്രിസ് ഗെയ്‌ലിലും ഡ്വെയ്ന്‍ ബ്രാവോയിലും കരീബിയന്‍ വികാരം കുത്തിവയ്ക്കുന്നതില്‍ സാമി വിജയിക്കുകയും ചെയ്തു. പരിശീലകന്‍ ഫില്‍ സിമ്മണ്‍സിന്റെ സാന്നിധ്യമാണ് മറ്റൊരു പ്ലസ് പോയിന്റ്. വിജയി ഇംഗ്ലണേ്ടാ വിന്‍ഡീസോ ആകട്ടെ, ആരു കിരീടമുയര്‍ത്തിയാലും ക്രിക്കറ്റിന്റെ മഹത്വം ഉയരുകയേയുള്ളുവെന്ന് സാധാരണ ക്രിക്കറ്റ് പ്രേമി ചിന്തിക്കുന്നതും അതുകൊണ്ടുതന്നെ.

Related posts