റിയോ ഡി ഷാനെറോ: മഞ്ഞ നിറം ഇന്ത്യന്‍ ബാഡ്മിന്റണ്‍ യുവതാരം പി.വി. സിന്ധുവിന്റെ ഭാഗ്യ നിറമാകുന്നു. മഞ്ഞ നിറത്തിലുള്ള ഇന്ത്യന്‍ ജെഴ്‌സി അണിഞ്ഞ് മഞ്ഞ ലോഹം കൊണ്ട് നിര്‍മ്മിച്ച ഒളിമ്പിക് മെഡലിനായുള്ള പോരാട്ടത്തിനുള്ള യോഗ്യത സിന്ധു സ്വന്തമാക്കി കഴിഞ്ഞു. ഇനി ചരിത്രപോരാട്ടത്തിനായി സിന്ധു കളത്തിലിറങ്ങാന്‍ ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. സ്വര്‍ണം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്ന സിന്ധു വ്യക്തമാക്കിക്കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
ലക്ഷ്യം സ്വര്‍ണംതന്നെ, അതിനായി കഴിവിന്റെ മുഴുവന്‍ പുറത്തെടുക്കും. എന്റെ കരിയറിലെ ഏറ്റവും വലിയ മത്സരമാണിത്: സിന്ധു പറഞ്ഞു. ഓരോ മത്സരത്തിലും കൂടുതല്‍ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുക്കുന്നത്. ഫൈനലില്‍ കരോളിന മരീനെതിരേ മികവ് ആവര്‍ത്തിക്കും: സിന്ധുവിന്റെ പരിശീലകന്‍ പുല്ലേല ഗോപിചന്ദ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ലോക ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ സ്‌പെയിനിനിന്റെ കരോളിന മരീനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ഇന്ത്യന്‍ സമയം ഇന്നു രാത്രി 7.30നാണ് സിന്ധു-കരോളിന ഫൈനല്‍ പോരാട്ടം.