കൊല്ലം: കരിമണല്‍ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക് കീര്‍ത്തിയാര്‍ജിച്ച ചവറയില്‍ ഒരു ബാര്‍ ഉടമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. സിപിഎമ്മിന്റെ അക്കൗണ്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെതു പോലെ പെയ്‌മെന്റ് സീറ്റ് വിവാദം ഉണ്ടാകുമെന്ന് ഭയന്ന് ചവറ സീറ്റ് സിഎംപി ക്ക് നല്‍കി, സിഎംപി അക്കൗണ്ടില്‍ കോണ്‍ഗ്രസുകാരനായിരുന്ന ബാര്‍ ഉടമയെ മത്സരിപ്പിക്കാനുളള വിലപേശലാണ് നടക്കുന്നത്. മാര്‍ക്കറ്റില്‍ ലേലം വിളിക്കുന്നതു പോലെ സിഎംപി യെ ഉപയോഗിച്ച് സിപിഎം വിലപേശല്‍ നടത്തുകയാണ്.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലൊരിക്കലും ദര്‍ശിക്കാത്ത സീറ്റ് കച്ചവടത്തിനാണ് സിപിഎം നേതൃത്വം കൊടുക്കുന്നത്. അധികാരത്തിലെത്തിയാല്‍ അബ്കാരി നയം പൊളിച്ചെഴുതുമെന്ന് മദ്യ ലോബിക്ക് നല്‍കിയ ഉറപ്പിന്റെ ഭാഗമാണ് അപരനിലൂടെയുളള സീറ്റ് കച്ചവടം. കശുവണ്ടി തൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും സമരഭൂമിയായ ജില്ലാ തലസ്ഥാനമായ കൊല്ലം മണ്ഡലത്തില്‍ തൊഴിലാളി നേതാക്കളെയും പ്രമുഖ പാര്‍ട്ടി നേതാക്കളെയും തഴഞ്ഞ് താരപരിവേഷമുളള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ പിന്നിലും പെയ്‌മെന്റ് താല്പര്യമാണെന്നും പ്രേമചന്ദ്രന്‍ പ്രസ്താവനയില്‍ ആരോപിച്ചു.
സിപിഎമ്മിനേയും പ്രതിപക്ഷ നേതാവിനെയും അധിക്ഷേപിച്ച വാളകം കേസിലും സോളാര്‍ കേസിലും ആരോപണ വിധേയനായ മറ്റൊരു താരമാണ് പത്തനാപുരത്തെ സ്ഥാനാര്‍ത്ഥി. 15 വര്‍ഷമായി എംഎല്‍എ യായിരുന്നിട്ടും 50 ആളെ പോലും കൂടെ നിര്‍ത്താന്‍ കഴിയാത്ത അവസരവാദിയും കാലുമാറ്റക്കാരനുമായ ഒരാളാണ് ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കുന്നത്തൂരിലെ സ്ഥാനാര്‍ത്ഥി.സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായും സമ്പന്ന – ധനിക – വര്‍ഗ താത്പര്യങ്ങള്‍ക്കു വിധേയമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ ജില്ലയായ കൊല്ലത്തെ ജനത ഇടതുപക്ഷ രാഷ്ട്രീയ ജീര്‍ണതക്കും അന്യവര്‍ഗ്ഗ സ്വാധിനത്തിനുമെതിരെ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കുമെന്നും പ്രേമചന്ദ്രന്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി .