പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം – പൊത്തന്‍ചീനി – കടവൂര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായി. ചാത്തമറ്റം ശാലേംപള്ളിപ്പടിയില്‍നിന്നാരംഭിച്ച് പൊത്തന്‍ചീനി വഴി കടവൂരില്‍ എത്തുന്ന റോഡിനുവേണ്ടി എട്ടുമീറ്റര്‍ വീതിയില്‍ എട്ടുവര്‍ഷം മുമ്പ് സ്ഥലമെടുപ്പു നടപടി പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. മൂന്നര കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ കടവൂര്‍ മുതല്‍ വടക്കേപുന്നമറ്റം പള്ളിവരെയുള്ള രണ്ടുകിലോമീറ്റര്‍ ഭാഗം നിര്‍മാണം പര്‍ത്തീകരിച്ചിരുന്നു.
ശേഷിക്കുന്ന ഒന്നര കിലോമീറ്റര്‍ ഭാഗമാണ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. ശാലേംപള്ളിപ്പടിയില്‍നിന്നു പൊത്തന്‍ചീനി മലയുടെ അടിവാരംവരെയായി മൂന്നു കലുങ്കുകള്‍ നിര്‍മിച്ചതൊഴികെ മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കടവൂരിലേക്ക് ചാത്തമറ്റം, ഒറ്റക്കണ്ടം, ഉപ്പുകുഴി, മുള്ളരിങ്ങാട് പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്.എട്ടുമീറ്റര്‍ വീതിയുള്ള റോഡ് നാട്ടുകാര്‍ വെട്ടിത്തെളിച്ചാണ് ഇതുവഴിയുള്ള കാല്‍നടയാത്രപോലും സാധ്യമാക്കിയത്. നിര്‍മാണം ഇനിയും വൈകിയാല്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.