കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നിം ചികിത്സയ്ക്കിടെ മരണമടഞ്ഞ കേസില്‍ അന്വേഷണ സംഘം മനുഷ്യവകാശ കമ്മീഷന് ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിതാവ് അബൂട്ടി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണു മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടത്. ഇതിന്‍െറ ഭാഗമായി ഇന്നലെ മെഡിക്കല്‍ കോളജില്‍ വന്ന് ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴികള്‍ പോലീസ് സംഘം വീണ്ടും രേഖപ്പെടുത്തി. നേരത്തെ നല്‍കിയ മൊഴികളുമായി ബന്ധപ്പെട്ട വിശദീകരണവും അന്വേഷണ സംഘം തേടി. മരണമടഞ്ഞ ഷംന കണ്ണൂര്‍ സ്വദേശിനിയായതിനാല്‍ അടുത്ത മാസം കണ്ണൂരിലാണ് സിറ്റിംഗ് വച്ചിരിക്കുന്നത്.
അതേ സമയം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച മെഡിക്കല്‍ സമിതിയുടെ വിദഗ്ധ അഭിപ്രായം അപ്പെക്‌സ് ബോഡിക്ക് വിടാന്‍ പോലീസ് തീരുമാനിച്ചു. മെഡിക്കല്‍ ബോര്‍ഡില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധ വിയോജനക്കുറിപ്പ് എഴുതിയതിനെ തുടര്‍ന്നാണ് അപ്പെക്‌സ് ബോഡിക്ക് വിടുന്നത്.ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ പോലീസ് സമര്‍പ്പിച്ച കേസ് ഷീറ്റ് നിറയെ വെട്ടിത്തിരുത്തലുകള്‍ ഉള്ളതായാണ് ഫോറന്‍സിക് വിദഗ്ധ ഡോ. ലിസ ജോണ്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ എതിര്‍പ്പ് വകവയ്ക്കാതെ ഷംനയുടെ മരണത്തില്‍ അസാഭാവികതയില്ലെന്ന് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കി.
എതിര്‍പ്പ് മറികടക്കാന്‍ മറ്റൊരു ഫോറന്‍സിക് വിദഗ്ധന്റ അഭിപ്രായവും കൂടുതല്‍ സാക്ഷികളുടെ മൊഴിയും ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ഷംനയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കി. കൂടാതെ ഷംനയുടെ പിതാവ് തിരുവനന്തപുരത്തെത്തി വി.എസ് അച്ചുതാനന്ദന്‍, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരെ കണ്ട് അന്വേഷണം വൈകുന്നതു ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അപ്പെക്‌സ് ബോഡിയുടെ വിദഗ്ദ്ധാഭിപ്രായം തേടാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമായത്.
മെഡി.വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പുതിയ കമ്മിറ്റിയില്‍ ഉണ്ടാകും. ഈ തീരുമാനം വന്നതോടെ അന്വേഷണ സംഘവും മാറിയേക്കും. വനിതാ ഐ പി എസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണു മരണമടഞ്ഞ ഷംനയുടെ പിതാവിന്റെ ആവശ്യം.