തിരുവനന്തപുരം:ചിത്രാഞ്ജലി സ്റ്റുഡിയോ രണ്ടാംഘട്ട നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി ചിത്രാഞ്ജലിയെ ഒരു മിനി ഫിലിം സിറ്റിയാക്കുമെന്നും സാംസ്കാരിക ് മന്ത്രി എ.കെ. ബാലന് . സാംസ്കാരിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദര്‍ശിച്ച് ജീവനക്കാമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനമാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷനെന്നും നാലു ദശകം പിന്നിട്ട ഈ സ്ഥാപനം ഇനിയും വളരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോര്‍പറേഷന്റെ കീഴിലുള്ള പതിനാലു തീയേറ്ററുകളില്‍ പന്ത്രണ്ടു തിയറ്ററുകളും നവീകരിച്ച് സിനിമാപ്രേക്ഷകര്‍ക്ക് തുറന്നു കൊടുത്തു. ബാക്കിയുള്ള രണ്ടെണ്ണം കൂടി ഉടന്‍ നവീകരിക്കും. കൂടാതെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആധുനികരീതിയിലുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ച് സിനിമാ സംബന്ധമായ എല്ലാ ജോലികളും ഇവിടെത്തന്നെ നിര്‍വഹിക്കാന്‍ സാധ്യമാക്കും. കോര്‍പ്പറേഷന്റെ സാമ്പത്തികബാദ്ധ്യതകള്‍ തീര്‍പ്പാക്കുന്നതു സംബന്ധിച്ചും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതു സംബന്ധിച്ചും ജീവനക്കാര്‍ക്കു ലഭിക്കേണ്ട പരിഷ്കരിച്ച ശമ്പളകുടിശിക ലഭ്യമാക്കാനുമാവശ്യപ്പെട്ടുകൊണ്ടും സര്‍ക്കാരിനു മുന്നിലുള്ള ഫയലുകളില്‍ തീര്പ്പുകല്പിക്കാന് സാംസ്കാരികമന്ത്രി എന്ന നിലയില്‍ ഊര്‍ജ്ജിതമായി ശ്രമിക്കും.
കോര്പ്പറേഷന് ജീവനക്കാര്‍ക്ക് 2006ലെ ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശമ്പളകുടിശിക നല്കാന് നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സിനിമാ വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ വൈഡ് റിലീസിംഗും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ- ടിക്കറ്റിംഗ് സംവിധാനവും കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. പ്രവാസികളായ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്കി അവരുടെ സഹകരണത്തോടെ ഗ്രാമങ്ങളില്‍ കൂടുതല്‍ തീയറ്ററുകള്‍ സ്ഥാപിക്കാനും ശ്രമിക്കും. പുതിയ സിനിമകള്‍ കാണാന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടാത്ത സാഹചര്യമൊരുക്കി ഗ്രാമീണ സിനിമാസ്വാദകരെ സിനിമയോടടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സ്റ്റുഡിയോയിലുണ്ടായിരുന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനുമായും മന്ത്രി ആശയവിനിമയം നടത്തി. കോര്‍പ്പറേഷനില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് അടൂര്‍ നല്കിയ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ചിത്രാഞ്ജലി സ്്റ്റുഡിയോയിലെത്തിയ മന്ത്രി നവീകരിച്ച ഫിലിം മ്യൂസിയം, ഡബ്ബിംഗ്, എഡിറ്റിംഗ്് സ്റ്റുഡിയോകള്‍, ഷൂട്ടിംഗ് ലൊക്കേഷനുകള്‍ എന്നിവ സന്ദര്‍ശിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ദീപ ഡി. നായര്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അശോക് കുമാര്‍, തൊഴിലാളി യൂണിയന് നേതാക്കള്‍, ജീവനക്കാര്‍ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി.