ജപ്പാനിലെ യാഗിയാമ സുവോളജിക്കല്‍ പാര്‍ക്കിലെ 24 വയസുകാരന്‍ ചിമ്പാന്‍സിയാണ് ചാച്ച. മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ മധ്യവയസ്കന്‍. ഇന്നലെ മൃഗശാലയില്‍നിന്നു പുറത്തുചാടിയ ചാച്ച 1,848 വീടുകളിലെ വൈദ്യുതി മുടക്കി. മാത്രമല്ല മരണത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കും.
മൃഗശാലയില്‍ ചാച്ചയെ പാര്‍പ്പിച്ചിരുന്ന സ്ഥലത്തെ മതിലില്‍ ദ്വാരമിട്ടാണ് കക്ഷി മൃഗശാലയില്‍നിന്നു മുങ്ങിയത്. പിന്നീട് മൃഗശാലയില്‍നിന്ന് 250 മീറ്റര്‍ അകലെ ചാച്ചയെ കണ്ടെത്തുമ്പോള്‍ കക്ഷി വലിയ വൈദ്യുത ടവറിനു മുകളിലായിരുന്നു. മൃഗശാലയിലെ വിദഗ്ധര്‍ മയക്കുവെടി വച്ചു. മയങ്ങി ഇലക്ട്രിക് കമ്പികളില്‍ത്തട്ടി തലകീഴായി താഴേക്കു പതിച്ച ചിമ്പാന്‍സിയെ താഴെ വിരിച്ചുപിടിച്ചിരുന്ന കമ്പിളിയിയില്‍ സുരക്ഷിതമായി പിടിച്ചെടുക്കുകയായിരുന്നു. വീഴ്ചയില്‍ ശരീരത്തില്‍ അല്പസ്വല്പം മുറിവുകളുണ്ടായിട്ടുണ്ട്. എങ്കിലും ആരോഗ്യത്തിനു കുഴപ്പമില്ല. രണ്ടു മൂന്നു ദിവസത്തേക്ക് ചാച്ച മയക്കത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് അന്വേഷണവിധേയമായി ഇന്നലെ മൃഗശാല അടച്ചിട്ടു.
ഇതിനു സമാനമായ രക്ഷപ്പെടലിനു മൂന്നാഴ്ച മുമ്പും ജപ്പാന്‍കാര്‍ സാക്ഷികളായിട്ടുണ്ട്. കുതിരസവാരി കേന്ദ്രത്തില്‍നിന്നു വിരണ്ടോടിയ ഒരു കുതിരയെ പിടിക്കാന്‍ പോലീസ് ശ്രമിക്കുന്നത് ജപ്പാനില്‍ തത്സമയം ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍, വെപ്രാളത്തിനിടെ ആ കുതിര വെള്ളക്കെട്ടില്‍ വീണ് ചാവുകയാണുണ്ടായത്.