കടുത്തുരുത്തി: കടുത്തുരുത്തി-തോട്ടുവാ റോഡില്‍ ചിറക്കുന്ന് വളവ് ലോഡുമായെത്തുന്ന വാഹനങ്ങള്‍ക്ക് ബാലികേറാ മലയാകുന്നു. ചരക്കുമായെത്തുന്ന വാഹനങ്ങള്‍ പലതും വളഞ്ഞു തിരിഞ്ഞുള്ള റോഡിന്റെ പകുതി ഭാഗത്ത് എത്തുന്നതോടെ നിന്നു പോവുകയാണ്. ഇതുമൂലം ഇവിടെ ഗതാഗതം തടസങ്ങളും പലപ്പോഴും അപകട ഭീഷിണിയും ഉണ്ടാവു കയാണ്. മുമ്പ് ഉണ്ടായിരുന്ന കുത്തനെയുള്ള ഇറക്കം കുറേയൊക്കെ നിവര്‍ത്തിയെടുക്കുകയും മണ്ണിടിച്ചു റോഡിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നെങ്കിലും സ്ഥിതി മെച്ചപെട്ടുവെന്നതല്ലാതെ പ്രശ്നത്തിന് പൂര്‍ണ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. കടുത്തുരുത്തി ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങള്‍ ഇടതുവശത്തേക്ക് തിരിഞ്ഞ് വേണം കയറ്റം കയറാന്‍.
തുടര്‍ന്ന് കയറ്റത്തിന്റെ പകുതി എത്തുമ്പോഴേക്കും വലത്തോട്ട് തിരിയണം. നിറയെ ലോഡുമായെത്തുന്ന വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ പലതവണ ഗിയര്‍ മാറ്റി ശ്രമിക്കേണ്ടി വരുന്നതും ഇതിനിടെ വാഹനം നിന്നു പോകുന്നതുമെല്ലാം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. രാത്രിയിലെത്തുന്ന വാഹനങ്ങളാണ് ഇതുമൂലം കൂടുതല്‍ ദുരിതത്തിലാകുന്നത്. വഴിയില്‍ വെളിച്ചമൊന്നുമില്ലാത്തതിനാല് സ്ഥലപരിചയമില്ലാതെയെത്തുന്ന വാഹനങ്ങള്‍ പെട്ടതുതന്നെയാണ്. പലപ്പോഴും ഇതുവഴിയെത്തുന്ന വാഹനങ്ങള്‍ കയറ്റത്തിന്റെ പകുതിക്ക് വച്ചു നിന്നു പോകുന്നതോടെ പുറകോട്ട് പോയി കടുത്തുരുത്തിയിലെത്തി മറ്റു വഴികളിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയാണ് ചെയ്യുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് കുത്തനെയുള്ള റോഡും വീതി കുറഞ്ഞ വളവുകളും സ്ഥിരം അപകടവേദിയായി മാറിയതോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങല്‍ നടത്തിയത്. കടുത്തുരുത്തി-പാലാ റോഡ് വികസനത്തില്‍ റോഡ് വീതി കൂട്ടി ടാറിംഗ് നടത്തിയെങ്കിലും ചിറക്കുന്നിലെ വളവും കയറ്റവും ഡ്രൈവര്‍മാര്‍ക്ക് ഇന്നും പേടിസ്വപ്നമായി തുടരുകയാണ്.