പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ മുണ്ടൂര്‍ – ചന്ദ്രനഗര്‍ ലിങ്ക് പാത കടന്നു പോകുന്ന പാതയിലെ പ്രധാന കവലയായ ചുണ്ണാമ്പുത്തറ ജംഗ്്ഷന് അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നു. സിഗ്്നല്‍ സംവിധാനങ്ങളോ സ്പീഡ് ബ്രേക്കറുകളോ തിരക്കേറിയ സമയങ്ങളില്‍ മതിയായ പോലീസുക്കാരുടെ സേവനങ്ങളോ ഇവിടെ ഇല്ല. യാത്രക്കാര്‍ക്ക് റോഡുമുറിച്ചുകടക്കാന്‍ സീബ്രാലൈന്‍ മാത്രമേയുള്ളു ഇവിടെ. അതേസമയം രാപകലന്യേയുള്ള ഗതാഗത തടസത്തിന് കുറവുമില്ല.മേലാമുറി, പാലക്കാട്, ഒലവക്കോട്, ചാത്തപ്പുരം എന്നീ റോഡുകള്‍ സംഗമിക്കുന്ന പ്രധാന കവലയാണ് ചുണ്ണാമ്പുത്തറ ജംഗ്്ഷന്.
ജില്ലയിലെ തന്നെ പ്രസിദ്ധമായ വടക്കന്തറ അമ്പലം, ജൈനിമേട് – ജൈനമത ക്ഷേത്രം എന്നിവയ്ക്കു പുറമെ പ്രസിദ്ധമായ കല്പാത്തിയിലെ അഗ്രഹാര വീഥികളും ചുണ്ണാമ്പുത്തറയ്ക്കു സമീപമാണ് നില കൊള്ളുന്നത്.ചുണ്ണാമ്പു വ്യാവസായ മേഖലയായിരുന്നതിനാലാണ് പ്രദേശത്തിന് ചുണ്ണാമ്പുത്തറയെന്ന പേരുവന്നത്. വ്യാവസായ മേഖലയില്‍ വന്ന മാറ്റങ്ങള്‍ ചുണ്ണാമ്പു വ്യാവസായത്തെ ഇല്ലാതാക്കി. അരനൂറ്റാണ്ടിനപ്പുറത്തോളം ആയൂര്‍വേദ ചികിത്സാ രംഗത്ത് തലമുറകളുടെ പാരമ്പര്യമുള്ള പൂമുള്ളി ആയൂര്‍വേദ ചികിത്സയുള്ളത് ചുണ്ണാമ്പുത്തറ ജംഗ്്ഷനിലാണ്.
വടക്കന്തറ അമ്പലത്തിലേക്ക് ദര്‍ശനത്തിനായി നൂറുകണക്കിനു ഭക്തരാണ് ദിനംപ്രതിയെത്തുന്നതെന്നിരിക്കെ പ്രത്യേക ദിവസങ്ങളിലും ഉത്സവ സീസണുകളിലും ആയിരകണക്കിനു വിശ്വാസികള്‍ എത്തുന്നതിനാല്‍ ചുണ്ണാമ്പുത്തറ കവലയില്‍ ഏറെ ഗതാഗത തിരക്കുണ്ടാകുന്നു. മേഴ്സി കോളേജില്‍ നിന്നും മേലാമുറി, വടക്കന്തറയിലൂടെ ചുണ്ണാമ്പുത്തറ വഴി ചാത്തപ്പുരം വഴിയും ജൈനിമേട് വഴിയും ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഇതിനു പുറമെ പാലക്കാട് നിന്നും മലമ്പുഴയിലേക്ക് തിരിച്ചും ബസുകള്‍ ചുണ്ണാമ്പുത്തറ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്.
എന്നാല്‍ കവലയില്‍ ബസുകള്‍ നിര്‍ത്തുന്നിടത്ത് കാത്തിരിപ്പു കേന്ദ്രങ്ങളില്ല. ഇത് യാത്രക്കാര്‍ക്ക് ഏറെ ദുരിതം തീര്‍ക്കുന്നുണ്ട്. മേലാമുറിക്ക് അമിത വേഗതയില്‍ വരുന്ന ബസുകള്‍ മൂലം കവലയില്‍ അപകട സാധ്യതയും ഏറെയാണ്. എന്നാല്‍ ഇവിടെ ഹമ്പുകള്‍ സ്ഥാപിക്കുകയോ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. സന്ധ്യ മയങ്ങിയാല്‍ ഏറെ തിരക്കനുഭവപ്പെടുന്ന ചുണ്ണാമ്പുത്തറ ജംഗ്ഷനില്‍ ഒരു ഹൈമാസ്്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.
അടുത്ത കാലത്തായി മുണ്ടൂര്‍, ചന്ദ്രനഗര്‍ പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇതുവഴിയുള്ള റോഡ് റീടാറിംഗ് നടത്തിയിരുന്നു. ചാത്തപ്പുരം, വടക്കന്തറ വഴി കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പാലക്കാട് നിന്നും ഒലവക്കോട് ഭാഗത്തേക്കുള്ള ബസുകളില്‍ മലമ്പുഴ ബസുകള്‍ മാത്രമാണ് ഇതുവഴി പോകുന്നത്.
കൂടുതല്‍ ബസുകള്‍ ഇതുവഴി സര്‍വ്വീസ് നടത്തണമെന്നാണ്ജനകീയ ആവശ്യം. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ബസുകള്‍ സര്‍വ്വീസ് കുറയ്ക്കുന്നതു മൂലം നഗരത്തിലേക്ക് എത്താന്‍ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. നഗരത്തിന്റെ നാലു ദിക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാന കവലകൂടിയാണ് ചുണ്ണാമ്പുത്തറ ജംഗ്ഷന്. പരാധീനതകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെയും പ്രദേശവാസികളുടെയും ആവശ്യം.