മുതലമട: ചുള്ളിയാര്‍ഡാം പരിസരപ്രദേശങ്ങളില്‍ കറങ്ങിനടക്കുന്ന കരടിക്കൂട്ടം നൂറോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. മൂന്നംഗ കരടിക്കൂട്ടമാണ് വെള്ളാരംകടവ്, കുണ്ടലകുളമ്പ്, മേച്ചിറ,ചുള്ളിയാര്‍ഡാം എന്നിവിടങ്ങളില്‍ വിഹരിക്കുന്നത്.വൈകുന്നേരം നാലിനുശേഷം കരടികള്‍ ഗ്രാമപ്രദേശത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണകാഴ്ചയായി മാറിയിട്ടുണ്ട്.
കോളനി താമസക്കാരായ ബാലന്, രാമന്, വേലായുധന്, മാണി.കണ്ണാമു, ദേവി, വള്ളിയമ്മ, വിനിത, സന്തോഷ് ഉള്‍പ്പടെയുള്ളവര്‍ കരടിയ്ക്കുമുന്നില് നിന്നും ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടവരാണ്. ശനിയാഴ്ച വൈകുന്നേരം വിദ്യാര്‍ഥിയായ വിഷ്ണു മൊബൈലില്‍ ചിത്രംനോക്കിവരുന്നതിനിടെ കരടിയുടെ മുന്നില്‍പ്പെട്ടു. ഭാഗ്യംകൊണ്ടാണ് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞത്.കഴിഞ്ഞദിവസം ഇതുവഴി സഞ്ചരിച്ച കാറിന്റെ മുന്നിലും കരടിചാടിയിരുന്നു.
കരടിയെ ഭയന്ന കോളനിയിലെ അമ്പതോളം വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് പോകുന്നില്ല. വൈകുന്നേരമായാല്‍ കോളനിയിലുള്ളവര്‍ പുറത്തിറങ്ങാനും ഭയക്കുന്നു. കൊല്ലങ്കോട് വനംവകുപ്പ് അധികൃതര്‍ രണ്ടുതവണ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. ജനവാസമേഖലകളില്‍ ഭീതിവിതയ്ക്കുന്ന കരടികളെ ഉടനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോളനിക്കാര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ്.