ചെങ്ങന്നൂര്‍ കൊലപാതകം: പ്രതി റിമാന്‍ഡില്‍; വലതുകൈ മാന്നാര്‍ ചിറക്കടവില്‍ നിന്നു കണ്ടെത്തി; അമേരിക്കന്‍ പൗരത്വമുണ്ടെന്നുള്ള അഹങ്കാരം പോലീസിനോടു കാണിച്ച് ഷെറിന്‍

sherin1ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ പിതാവിനെ തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തി കത്തിച്ചശേഷം ആറ് കഷ്ണങ്ങളാക്കിയ മൃതദേഹം പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയായ മകന്‍ റിമാന്‍ഡില്‍.   ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിലേക്ക് അയച്ചത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി.പി. ജോണ്‍(69)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്‍ ഷെറിന്‍ ജോണ്‍(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: കുട്ടിക്കാലം മുതല്‍ പിതാവിന് ഷെറിനോടുള്ള സ്‌നേഹക്കുറവ് കൊണ്ടുള്ള പക തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടത്തിയതെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിനായിട്ടാണ് തല, ഉടല്‍, കൈകള്‍, കാലുകള്‍ എന്നിവ പ്രത്യേകമായി അറത്തുമാറ്റി പമ്പാനദി ചെങ്ങനാശേരി കോട്ടയം ചിങ്ങവനം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ 25ന് രാവിലെ ഇവരുടെ ഉടമസ്ഥതയിലുള്ള കെ.ല്‍.2.റ്റി.5550 എന്ന കാറിന്റെ എ.സി.ശരിയാക്കുന്നതിനായി തിരുവനന്തപുരത്തുള്ള ഷോറൂമിലേക്ക് ഷെറിനും ജോയിയും യാത്രതിരിച്ചത്. നേരത്തെ ബുക്ക് ചെയ്യാതിരുന്നതിനാല്‍ സര്‍വീസിംഗ് നടന്നില്ല.  ഇരുവരും ഉച്ചയ്ക്ക് 12.30 ഓടെ തിരികെ മടങ്ങി എം.സി.റോഡില്‍ മുളക്കുഴയ്ക്ക് സമീപം വിജനമായ വയലേലയുള്ള പൂഴിക്കടവ് ഭാഗത്ത് വെച്ചാണ് കൊലപ്പെടുത്തിയത്.

സ്വത്തു സംബന്ധിച്ചും മറ്റുമുള്ള തര്‍ക്കങ്ങള്‍ യാത്രക്കിടയില്‍ ഉണ്ടാകുകയും മുന്‍ സീറ്റിലിരുന്ന പിതാവിനെ കാര്‍ നിര്‍ത്തിശേഷം കയ്യില്‍ കരുതിയിരുന്ന അമേരിക്കന്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് നാല് തവണ വെടി ഉതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് സീറ്റ് പിന്നിലേക്ക് മലര്‍ത്തിയിട്ട്‌ശേഷം വലിയ ടൗവ്വല്‍കൊണ്ട് മൃതദേഹം മറച്ചു.4.35 ഓടെ കൃത്യം നിര്‍വ്വഹിച്ച ശേഷം മരണം ഉറപ്പിക്കുന്നതിനായി പലസ്ഥലങ്ങളിലും വാഹനവുമായി കറങ്ങി രാത്രി 8.30 ഓടെ ചെങ്ങന്നൂര്‍ നഗര ഹൃദത്തിലുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിട സമുശ്ചയത്തിന്റെ സമീപത്തെ ആരും ശ്രദ്ധിക്കാത്ത ഭാഗത്ത് വാഹനം ഒതുക്കിയ ശേഷം സമീപത്ത് വൈദ്യുത ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ നേരത്തെ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചിരുന്ന കെട്ടിടത്തിന്റേയും കാര്‍പ്പാര്‍ക്കിംഗ് ഗോഡൗണ്‍ എന്നീ ഭാഗങ്ങളിലേക്കുള്ള പ്രവേശന കവാടത്തിന്റെ താക്കോല്‍ വാങ്ങി തുടര്‍ന്ന് ഉള്ളില്‍ കയറി സൗകര്യങ്ങള്‍ നോക്കിയശേഷം തിരികെ വന്ന് വാഹനത്തില്‍ കയറി മൃദേഹവുമായി തിരുവല്ലയിലെ ക്ലബ് സെവനിലേക്ക് പോയി. ഇതിനിടെ 19 മുതല്‍ ഇവിടെയായിരുന്നു മുറി വാടകയ്ക്ക് എടുത്ത് ഷെറിന്‍ താമസിച്ചിരുന്നത്. മാതാപിതാക്കളും സഹോദരനും കഴിഞ്ഞ 19ന് അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയശേഷം ഷെറിന് താമസിക്കുന്നതിന് വേണ്ടിയാണ് ഇവിടെ മുറിയെടുത്തിരുന്നത്.

തിരുവല്ലയിലെത്തിയ ഷെറിന്‍ ഇരുട്ടത്ത് വാഹനം ഒതുക്കിയശേഷം മുറിയില്‍ കയറി കുളിച്ചു. തുടര്‍ന്ന് താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും 5 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക്ക് കന്നാസുകളിലായി 10ലിറ്റര്‍ പെട്രോള്‍ വാങ്ങി അവിടെനിന്നും രാത്രി 10.30 ഓടെ ചെങ്ങന്നൂരിലേക്ക് തിരിച്ചു. ഗോഡൗണിലെത്തി വാതില്‍തുറക്കുന്നതിനിടെ എതിര്‍ഭാഗത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരനോട് അസ്വഭാവികത തോന്നാത്ത രീതിയില്‍ അടുത്തുചെന്ന് ഹായ് പറഞ്ഞു. ഇതിനുശേഷം ഉള്ളില്‍കയറി വാതില്‍ അടച്ചു. ഇവിടെ ഉണ്ടായിരുന്ന അലോമിനിയം ഷീറ്റ് എടുത്ത് അതിലേക്ക് മൃതദേഹം വാഹനത്തിനുള്ളില്‍ നിന്നും പുറത്തേക്ക്മാറ്റി സമീപത്തുണ്ടായിരുന്ന ചാക്ക്,മെത്ത എന്നിവ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി.

വിചാരിച്ചിരുന്നതിലും കൂടുതല്‍ ജ്വാല മുകളിലേക്ക് ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന എം.സാന്‍ഡ്, ചാക്ക് എന്നിവ വാരിയിട്ട് തീയണച്ചു തുടര്‍ന്ന് കാറില്‍ കരുതിയിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം ആറ് ഭാഗങ്ങളാക്കി മാറ്റുകയായിരുന്നു. ഇവ പ്ലാസ്റ്റിക്ക് ചാക്കിലും പൊളിത്തീന്‍ കവറുകളിലുമാക്കി കാറിനുള്ളില്‍വെച്ചശേഷം ഗോഡൗണിലുള്ളിലെ കിണറില്‍ നിന്നും പമ്പ് പ്രവര്‍ത്തിപ്പിച്ച് പല തവണ വെള്ളം ചീറ്റിച്ച് വൃത്തിയാക്കിയെന്ന് ഉറപ്പാക്കിയ ശേഷം കാറുമായി പുറപ്പെട്ട് ആറന്മുള ആറാട്ടുപുഴ, ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം എന്നിവിടങ്ങളില്‍ ശരീരഭാഗങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുകയായിരുന്നു.

കോട്ടയത്തുനിന്നും തിരികെ വരുന്ന വഴി കാറിനുള്ളിലെ അടയാളങ്ങള്‍ ഇല്ലാതാക്കുകയും ബാക്കിയുള്ള തുണികള്‍ കത്തിച്ച് നശിപ്പിച്ചു. 25ന് വൈകുന്നേരം തുടങ്ങിയ പ്രവര്‍ത്തികള്‍ 26ന് പുലര്‍ച്ചെ 4.30നാണ് അവസാനിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ ക്ലബ് സെവനില്‍ താമസിച്ചശേഷമാണ് കോട്ടയത്തെത്തി നഗരത്തിലെ മുന്തിയ ഹോട്ടലില്‍ മുറിയെടുത്ത് താമസമാക്കുകയായിരുന്നു.

അന്നേദിവസം രാവിലെ ഭര്‍ത്താവിന്റെയും മകന്റെയും തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച് ജോയിയുടെ ഭാര്യ മറിയാമ്മ ഇരുവരേയും കാണാതായതായി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും 27നാണ് ഇവര്‍ സംഭവം സംബന്ധിച്ച സംശയം പ്രകടിപ്പിച്ചത്. ഇതോടെ പോലീസ് അന്വേഷണത്തിന്റെ ഗതിമാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഗോഡൗണ്‍ പരിശോധനയും കൊലപാതകം സംബന്ധിച്ച് ഇതുവരെയുള്ള തെളിവുകള്‍ ലഭിച്ചതും പ്രതിയെ അറസ്റ്റ് ചെയ്യാനായതും. ജില്ലാ പോലീസ് മേധാവി പി.അശോക് കുമാര്‍, ഡിവൈ.എസ്പി.കെ.ആര്‍.ശിവസുതന്‍പിള്ള, ചെങ്ങന്നൂര്‍ മാന്നാര്‍ സി.ഐ.മാരായ ജി.അജയനാഥ്, ഷിബുപാപ്പച്ചന്‍ മറ്റ് എട്ട് എസ്.ഐമാരടക്കം 22 ഓളം പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം വിവിധസ്ഥങ്ങളിലായി തിരിഞ്ഞ് കഴിഞ്ഞ ദിവസങ്ങളായി അന്വേഷണം നടത്തിവരുകയായിരുന്നു.

വലതുകൈ മാന്നാര്‍ ചിറക്കടവില്‍ നിന്നു കണ്ടെത്തി

മാന്നാര്‍: ചെങ്ങന്നൂര്‍ കൊലപാതകം വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിച്ച മൃതദേഹ അവശിഷ്ടങ്ങളിലെ വലതുകൈ കണ്ടെത്തി. മാന്നാര്‍ പാവുക്കര മോസ്‌ക്കോ ജംഗ്ഷന് സമീപമുള്ള പമ്പയാറ്റിലെ ചിറക്കടവില്‍ നിന്നാണ് കൈ ലഭിച്ചത്.  രണ്ടുദിവസമായി ഈ ഭാഗത്ത് ദുര്‍ഗന്ധമുണ്ടായിരുന്നു. നാട്ടുകാര്‍ കോഴി വേസ്റ്റാണെന്ന് കരുതി കാര്യമാക്കിയില്ല. ഇന്ന് രാവിലെ മത്സ്യബന്ധനത്തിനു പോയ തൊഴിലാളികള്‍ കൈയുടെ ഭാഗം കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വലതു കൈയാണ് കിട്ടിയത്. പോലീസെത്തി തൊഴിലാളികളെ കൊണ്ട് തന്നെ കരക്കെത്തിക്കുകയായിരുന്നു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ചെങ്ങന്നൂരില്‍ നിന്നുള്ള അന്വേഷണസംഘമെത്തിയതിനുശേഷം മാത്രമേ ഇത് പുര്‍ണവിവരം ലഭിക്കുകയുള്ളു.

പ്രതി ഷെറിന്‍ ഉന്നത വിദ്യാഭ്യാസമുള്ളയാള്‍

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ ചെങ്ങന്നൂര്‍ സ്വദേശി ജോയി.പി.ജോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന്‍ ഷെറിന്‍ ഉന്നത വിദ്യാഭ്യാസമുള്ളയാളാണ്. അമേരിക്കയില്‍ ഐ.ടി.മേഖലയിലെ വിദ്യാഭ്യാസ രംഗത്ത് പ്രഫസറായി ജോലിനോക്കി വരുകയായിരുന്നു. എന്നാല്‍ 2003ല്‍ സഹോദരിയുടെ വിവാഹം പ്രമാണിച്ച് നാട്ടിലെത്തിയ ഇയാള്‍ പിന്നീട് തിരികെ പോയിട്ടില്ല. ഇതിനിടെ ചെന്നൈ, ബാംഗ്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലിനോക്കിയിരുന്ന ഇയാള്‍ ഒരിടത്തും സ്ഥിരമായി നില്‍ക്കുന്ന പ്രകൃതമുള്ളയാളല്ല.

കുട്ടിക്കാലം മുതല്‍തന്നെ ആര്‍ഭാടവും ധൂര്‍ത്തുമായുള്ള ജീവിതമായിരുന്നു ഇയാളുടേതെന്ന് വീട്ടുകാര്‍ തന്നെ സമ്മതിക്കുന്നു. 2010ല്‍ ചെന്നൈ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഷെറിന്റെ സ്വഭാവദൂഷ്യം കാരണം  ഭാര്യപിണങ്ങിപോയതായി പറയുന്നു.

അമേരിക്കന്‍ പൗരത്വമുണ്ടെന്നുള്ള അഹങ്കാരം പോലീസിനോടു കാണിച്ച് ഷെറിന്‍

ചെങ്ങന്നൂര്‍: അമേരിക്കന്‍ പൗരത്വമുള്ള ജോയി.പി.ജോണിനെ കൊലപ്പെടുത്തിയ പ്രതിയായ മകന്‍ ഷെറിന്‍ കേരള പോലീസിനോട് താന്‍ അമേരിക്കന്‍ പൗരത്വമുള്ളയാളാണെന്നും തന്നെ ഒന്നും ചെയ്യുവാന്‍ നിങ്ങള്‍ക്കാകില്ലായെന്നും പറഞ്ഞത്ര.  ഇരട്ട പൗരത്വമുള്ള വരാണ് ഷെറിനും മാതാപിതാക്കളും സഹോദരങ്ങളും. ഇക്കാരണം കൊണ്ടുതന്നെ ഇയാള്‍ പോലിസിനോട് വളരെ നീചമായാണ് പെരുമാറിയതെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യം ചെയ്യലിനോട് ഒട്ടും സഹകരിക്കാത്ത രീതിയാണ് ഷെറിനെന്നും പോലീസ് പറയുന്നു.

കൊലപാതകത്തിനു കാരണം അവഗണനയെന്ന്

ചെങ്ങന്നൂര്‍: കൊലപാതകത്തിന് കാരണം തന്നോട് പിതാവിനുണ്ടായിരുന്ന അവഗണനയാണെന്ന് ഷെറിന്‍ പോലീസിനോടു പറഞ്ഞു. ജോയിക്ക് മൂന്ന് മക്കളാണ് മൂത്തമകള്‍ ഡോ.ഷേര്‍ളി, ഇളയമകന്‍ ഡോ.ഡേവിഡ്(ഷെറില്‍) രണ്ടാമത്തെ മകനാണ് പ്രതിയായ ഷെറിന്‍. ഇവര്‍ക്കെല്ലാം അമേരിക്കന്‍ പൗരത്വമാണുള്ളത്.   വിമുക്തഭടനായ ജോയി ഭാര്യ മറിയാമ്മ അമേരിക്കയില്‍ നേഴ്‌സായതിനെ തുടര്‍ന്നാണ് കുടുംബ സമേതം അങ്ങോട്ട് താമസമാക്കിത്. സാമ്പത്തിക ശേഷിയുള്ള ഈ കുടുംബത്തിന് ചെങ്ങന്നൂരില്‍ വിവിധ ഭാഗങ്ങളിലായി കെട്ടിടസമുച്ചയങ്ങളും മറ്റുമുണ്ട്. അതിനാല്‍ അവര്‍ ഇടയ്ക്ക് നാട്ടില്‍ എത്താറുണ്ട്. ഷെറിന്റെ ധൂര്‍ത്തില്‍ വിദ്വേഷമുണ്ടായിരുന്നു. ആയതിനാല്‍തന്നെ അമേരിക്കയില്‍ നിന്ന് കുടുംബം നാട്ടിലെത്തുമ്പോഴൊക്കെ ഷെറിന്‍ വാടകയ്ക്ക് മുറിയെടുത്തായിരുന്നു താമസം.

ഇക്കഴിഞ്ഞ 19ന് നാട്ടിലെത്തിയ മാതാപിതാക്കളെയും സഹോദരനേയും കൊച്ചിയിലെ വിമാനത്താവളത്തില്‍നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയതും ഷെറിനായിരുന്നു. അന്ന് മുതല്‍ തിരുവല്ലയിലെ ക്ലബ് സെവനിലായിരുന്നു ഇയാളുടെ താമസം. കുട്ടിക്കാലം മുതല്‍ തന്നോട് പരുഷമായി പിതാവ് പെരുമാറുകയും ചെറിയകുറ്റങ്ങള്‍ക്ക് പോലും ക്രൂരമായി ശിക്ഷിക്കുകയും പതിവായിരുന്നു. തന്റെ ആവശ്യങ്ങള്‍ നടത്തിതരുന്നതിനും പണം നല്‍കുന്നതില്‍ പോലും പിശുക്ക് പിതാവ് പ്രകടിപ്പിച്ചിരുന്നു. നഗരഹൃദയത്തിലെ വാടകകെട്ടിടങ്ങളുടെ വാടക പിരിക്കാന്‍ പോലും നാട്ടിലുള്ള തന്നെ അനുവദിച്ചിരുന്നില്ലായെന്നും പകരം അതിന് മാനേജരെ നിയോഗിച്ചിരുന്നു.

അയാളില്‍ നിന്നും വാങ്ങുന്ന പണത്തിന് വൗച്ചര്‍ നല്‍കണമെന്നായിരുന്നു പിതാവിന്റെ നിര്‍ദ്ദേശം. മറ്റു രണ്ട് മക്കളോടുമുള്ള സ്‌നേഹമോ വാത്സല്യമോ തന്നോട് പ്രകടിപ്പിച്ചിരുന്നില്ല. അല്‍പമെങ്കിലും സ്‌നേഹം തന്നോട് കാണിച്ചിരുന്നത് അമ്മമാത്രമായിരുന്നുവെന്നും ഇക്കാര്യങ്ങള്‍ തന്നെ മാനസികമായി ഉലച്ചിരുന്നു.  എനിക്ക് ജീവനുള്ളിടത്തോളം അനാഥാലയത്തിന് കൊടുത്താല്‍പോലും സ്വത്തുക്കളൊന്നുംതന്നെ നിനക്ക് തരില്ലെന്ന് പിതാവ് തന്നോട് പറയുമായിരുന്നു.

പിതാവിന്റെ വഴിവിട്ട ബന്ധങ്ങളിലൂടെയും സ്വത്തു പോകുമോ എന്ന ഭയമുണ്ടായിരുന്നു. ഇത്  പകയായി മാറുകയും ഇത് അനുസരിച്ച് മുന്‍കൂട്ടിയെടുത്ത തീരുമാനത്തിന്റെ ഭാഗമായി അലമാരിയില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ തോക്ക് അപഹരിച്ച് കൈവശപെടുത്തുകയായിരുന്നു. അന്ന് കാറില്‍ വെച്ചും സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും വീണ്ടും പിതാവ് സ്വത്ത് തരില്ലയെന്ന് ആവര്‍ത്തിച്ച പറഞ്ഞതിനെയും തുടര്‍ന്നാണ് പിതാവിനെ വകവരുത്തിയതെന്നും യാതൊരു കുറ്റബോധവുമില്ലാതെ ഷെറിന്‍ പോലീസിനോട് പറഞ്ഞു.

ഷെറിന് സഹായികളുണ്ടോ?

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളി ജോയി.പി.ജോണിന്റെ കൊലപാതകത്തില്‍ കൃത്യം നിര്‍വഹിക്കാനായി മകന്‍ ഷെറിന്‍ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടാകാമെന്ന ജനങ്ങളുടെ സംശയം അവസാനിക്കുന്നില്ല. കൃത്യം നിര്‍വഹിക്കുക തുടര്‍ന്ന് മൃതശരീരം കത്തിക്കുകയും അതിനുശേഷം വെട്ടിമുറിച്ച് ആറ് ഭാഗങ്ങളാക്കി പലയിടങ്ങളിലായി തള്ളുകയും ചെയ്തിരിക്കുകയാണിവിടെ.  കൃത്യമായി കൊലപാതകം നടത്തുകയും തെളിവു നശിപ്പിക്കാനായി ഇത്രയുമൊക്കെ ചെയ്യുകയെന്നതും പരിചയ സമ്പന്നരായ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യങ്ങളാണെന്നും ഇത് മുന്‍പ് നടന്നിട്ടുള്ള പ്രവീണ്‍ വധക്കേസ് പോലെയുള്ള സംഭവങ്ങളില്‍ നിന്ന് മനസിലാക്കാമെന്നും നാട്ടുകാര്‍ പറയുന്നു.

Related posts