കോട്ടയം: തിരുനക്കര ചില്‍ഡ്രന്‍സ് ലൈബ്രറിക്കു സമീപം ഓട്, ചെമ്പ് തുടങ്ങിയവയുടെ മൊത്ത വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു കോടികളുടെ നാശനഷ്ടം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കോട്ടയത്തെ നാലു ഫയര്‍ഫോഴ്സ് യൂണിറ്റും ചങ്ങനാശേരിയിലെ രണ്ടു ഫയര്‍ഫോഴ്സ് യൂണിറ്റും പമ്പാടിയിലെ ഒരു ഫയര്‍ഫോഴ്സ് യൂണിറ്റും നാലു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചെമ്പ്, ഓട് തുടങ്ങിയവയുടെ മൊത്തവ്യാപാരസ്ഥാപനമായ അന്നപൂര്‍ണി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.
തീപിടിത്തത്തില്‍ കട പൂര്‍ണമായും കത്തിനശിച്ചു. പ്രാഥമിക നിഗമനത്തില്‍ കടയ്ക്കു പുറത്തു നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വേസ്റ്റുകള്‍ കൂട്ടിയിട്ടു കത്തിച്ചപ്പോള്‍ തീപടര്‍ന്നു പിടിച്ചതാകാമെന്നും കരുതുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ചെമ്പിനും ഓടിനും തീ പിടിച്ചതോടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കു പോലും അടുക്കനാകാത്ത സ്ഥിതിയായിരുന്നു. സാധാരണ തീ പിടുത്തത്തേക്കള് പതിന്മടങ്ങ് ചൂടാണ് അനുഭവപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.