കൊച്ചി: മട്ടാഞ്ചേരിയില്‍ ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കേന്ദ്ര സഹായത്തോടെ നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. പാര്‍പ്പിട രഹിതര്‍ക്കും ചേരിനിവാസികള്‍ക്കും വേണ്ടിയുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സണ്‍റൈസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനായി സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലമായി നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ചേരി നിര്‍മാര്‍ജനമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതിക്ക് 67.62 കോടി രൂപയുടെ അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര വിഹിതമായ 18 കോടി രൂപയില്‍ ഏഴു കോടിയോളം രൂപ കൊച്ചി കോര്‍പറേഷനു നല്‍കുകയും ചെയ്തു. കൊച്ചി കോര്‍പറേഷന്‍ ഇതില്‍ 37 ലക്ഷം രൂപ കണ്‍സള്‍ട്ടിംഗ് ഫീസിനത്തില്‍ ചെലവഴിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹര്‍ജി നവംബര്‍ 25ന് വീണ്ടും പരിഗണിക്കും.