പഴുവില്‍: ചാഴൂര്‍ പഞ്ചായത്തില്‍ 4.75 കോടി രൂപ ചെലവില്‍ ചേര്‍പ്പ് ഗവ. ഐടിഐയ്ക്ക് സ്വന്തം കെട്ടിടം രണ്ടുമാസത്തിനുള്ളില്‍ പണി തുടങ്ങുമെന്ന് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗീതാഗോപി എംഎല്‍എ അറിയിച്ചു.ചാഴൂര്‍ പഞ്ചായത്തില്‍ അന്തിക്കാട് ബോല്ക്ക് പഞ്ചായത്ത് അനുവദിച്ച 63 സെന്റ് സ്ഥലത്താണ് ഐടിഐ കെട്ടിടം പണിയുന്നത്. ഇപ്പോള്‍ പെരിങ്ങോട്ടുകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പഴയ എല്‍പി സ്കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
പുതിയ കെട്ടിടത്തില്‍ ഐടിഐ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഇലക്്ട്രീഷ്യന്‍, സര്‍വ്വേയര്‍ കോഴ്‌സുകള്‍ക്ക് പുറമെ ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍, പവര്‍ ഇലക്്‌ട്രോണിക്‌സ്, സിസ്റ്റം ടെക്‌നീഷ്യന്‍, ഡീസല്‍ മെക്കാനിക്കല്‍, പ്ലംബര്‍ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാനുള്ള അംഗീകാരം സര്‍ക്കാരില്‍നിന്ന് ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗീതാഗോപി എംഎല്‍എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാത അരവിന്ദാക്ഷന്‍ – ചാഴൂര്‍, സി.പി.ജോസ് – താന്ന്യം, ചാഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്‍.ബിജു, ഐടിഐ പ്രിന്‍സിപ്പല്‍ ജലജകുമാരി, എക്‌സി. എന്‍ജിനീയര്‍ ഹരിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എം.എഫ് ജോസ് – ചാഴൂര്‍, ബെന്നി ദേവസി – താന്ന്യം, പി.എസ്. ജയരാജന്‍, പി.എച്ച്. രഹന, കെ.കെ.വത്സന്‍ എന്നിവര്‍ പങ്കെടുത്തു.