കോതമംഗലം: മലയോരഹൈവേയുടെ ഭാഗമായുള്ള ചേലാട്-മാലിപ്പാറ റോഡില്‍ ഓയില്‍ വീണ് അപകട പരമ്പര.ചേലാട് മുതല്‍ പോളിടെക്നിക്ക് കോളജ് നാടോടിപാലം വരെയുള്ള ഒന്നര കിലോമീററര്‍ ഭാഗത്താണ് ഓയില്‍ വീണത്. ഫയര്‍ ഫോഴ്സ് എത്തി വെള്ളം ചീറ്റിച്ച് ഓയില്‍ പൂര്‍ണമായും കഴുകിക്കളഞ്ഞതോടെയാണ് റോഡിലെ അപകട ഭീഷണി ഒഴിവായത്.ഇതുവഴി കടന്നുപോയ ടിപ്പര്‍ ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്നതെന്നാണ് സംശയം. രണ്ടിടത്തായി റോഡിലെ വളവുള്ള സ്ഥലങ്ങളില്‍ വീണുകിടന്ന ഓയിലില്‍ കയറി അഞ്ചു ബൈക്കുകള്‍ ഇടവിട്ട സമയങ്ങളില്‍ മറിഞ്ഞുവീണു.
ബൈക്ക് യാത്രക്കാര്‍ക്കെല്ലാം പരിക്കേല്‍ക്കുകയും ചെയ്തു.ആരുടേയും പരിക്ക് ഗുരുതരമല്ല. നാടോടി പാലത്തിനു സമീപവും എഴുപത്തിയെട്ടാം കോളനിക്കു സമീപവുമാണ് ഓയില്പരന്നൊഴുകിയത്.കൊടുംവളവുള്ള ഭാഗത്തായതിനാല് ബൈക്കുകള്‍ വീശിയെടുക്കുമ്പോള്‍ ഓയിലില്‍ തെന്നി മറിഞ്ഞ് പലരുടേയും ശരീരത്തില്‍ മുറിവുകളുണ്ടായി.അപകടത്തെ തുടര്‍ന്നു നാട്ടുകാര്‍ റോഡില്‍ കമ്പുകള്‍ നാട്ടി മുന്നറിയിപ്പു നല്‍കുകയും ചെയ്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി .പിന്നീടാണ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയത്.

