കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ചൈനക്കാരെ വെല്ലാന്‍ മറ്റാരുമില്ല. എന്തിന്റെയും വ്യാജന്‍ നിര്‍മിക്കുന്നവര്‍ എന്ന പേരുദോഷമുണ്ടെങ്കിലും കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ഇവരെ മാതൃകയാക്കാവുന്നതാണ്. ഇപ്പോഴിതാ ഡ്രൈവറില്ലാ മെട്രോ ട്രെയിനുമായി വരുന്നു. ചൈനയുടെ മെട്രോ ടെക്‌നോളജിക്ക് പുതിയ മുഖം നല്കിക്കൊണ്ടാണ് ഡ്രൈവറില്ലാ ട്രെയിനുകളുടെ വരവ്. ഷാന്‍ഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌ഡോ നഗരത്തിലാണ് ഇതിന്റെ നിര്‍മാണകേന്ദ്രം.
ഈ വര്‍ഷംതന്നെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി ബെയ്ജിംഗില്‍ സര്‍വീസ് നടത്താനാണു പദ്ധതി. ഈ ട്രെയിനിലെ എല്ലാ സംവിധാനങ്ങളും ഓട്ടോമാറ്റിക് ആണ്. സ്റ്റാര്‍ട്ട് ചെയ്യുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും; എന്തിന്, കഴുകുന്നതു വരെ റിമോട്ട് സംവിധാനത്തിലാണ്.
അതേസമയം, ഡ്രൈവറില്ലാ സംവിധാനം സുരക്ഷിതമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മനുഷ്യനിയന്ത്രണത്തിലുള്ള ട്രെയിനുകളേക്കാളും കൂടുതല്‍ സുരക്ഷിതം ഇത്തരം ഓട്ടോമാറ്റിക് ട്രെയിനുകളായിരിക്കുമെന്നാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അതിവേഗ ട്രെയിന്‍ നിര്‍മാണക്കമ്പനിയായ സിആര്‍ആര്‍സി ക്വിംഗ്‌ഡോ സിഫാംഗിന്റെ ടെക്‌നിക്കല്‍ വിഭാഗം മേധാവി ജിയാംഗ് ഷിന്‍ പറയുന്നത്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നത് മനുഷ്യരുടെ പിഴവുമൂലമാണെന്നും അദ്ദേഹം പറയുന്നു. വേണമെങ്കില്‍ ഓട്ടോമാറ്റിക് അല്ലാതെ ഡ്രൈവര്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലുമാണ് ഇതിന്റെ നിര്‍മാണഘടന..